ചെന്നൈ: ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന് പറഞ്ഞ ബിജെപി എംപി സത്യപാൽ സിങ്ങിന്റെ പ്രസ്താവന വിവാദത്തില്‍. ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡിഎംകെ നേതാവ് കനിമൊഴി രംഗത്തെത്തി. പാര്‍ലമെന്‍റിലെ പ്രസംഗത്തിനിടെയാണ് ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തത്തെ തള്ളി ബിജെപി നേതാവ് സത്യപാല്‍ സിങ് രംഗത്തെത്തിയത്.
മനുഷ്യര്‍ ഋഷിമാരുടെ മക്കളാണെന്ന് മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സത്യപാൽ സിങ് പറഞ്ഞു. നമ്മുടെ സംസ്‌കാരം അതാണ് പഠിപ്പിക്കുന്നത്. കുരങ്ങന്മാരുടെ മക്കളാണെന്ന് വിശ്വസിക്കുന്നവരെ അവഹേളിക്കാന്‍ ഒരുക്കമല്ലെന്നും സത്യപാൽ സിങ് പറഞ്ഞു.
മുമ്പും സത്യപാല്‍ ഇതേ പ്രസ്താവന നടത്തിയിരുന്നു. ഡിഎംകെ എംപി കനിമൊഴി, തൃണമൂല്‍ അംഗം സൗഗത റോയ് തുടങ്ങിയവര്‍ ചര്‍ച്ചയ്ക്കിടെ സത്യപാൽ സിങ്ങിനെ തിരുത്തി. ദൗര്‍ഭാഗ്യവശാല്‍ തന്റെ പിന്മുറക്കാര്‍ ഋഷിമാരല്ലെന്ന് കനിമൊഴി പറഞ്ഞു.’അവര്‍ ഹോമോസാപിയനുകളായിരുന്നു. ശൂദ്രരായിരുന്നു. അവര്‍ ദൈവത്തിന്‍റെ ഭാഗമോ ദൈവത്തില്‍ ജനിച്ചവരോ അല്ല. സാമൂഹിക നീതിക്കുവേണ്ടിയും മനുഷ്യാവകാശത്തിനും വേണ്ടി ഇന്നുവരെ നടന്ന പോരാട്ടങ്ങളുടെ ഫലമായാണ് ഞാനും എന്നെപ്പോലുള്ള മറ്റു പലരും ഇന്ന് ഇവിടെ നില്‍ക്കുന്നത്”. ആ പോരാട്ടം നാം അത് തുടരുകയും ചെയ്യുമെന്നും കനിമൊഴി പറഞ്ഞു.
സത്യപാലിന്റെ പരാമര്‍ശം ഭരണഘടന വിരുദ്ധമാണെന്ന് സൗഗത റോയ് പറഞ്ഞു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സത്യപാല്‍ മുംബൈ പൊലീസ് കമ്മിഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.