ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന മെയ് 23ന് ബിജെപിയുടെ വന്‍ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ മൈലേജാണ് നല്‍കിയത്. പലരും മോദിക്ക് അഭിനന്ദനവും പ്രശംസയുമായി രംഗത്തെത്തി. അന്ന് തന്നെ മോദിയോടുളള ആദരസൂചകമായി ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലുളള യുവതി തനിക്ക് ജനിച്ച കുട്ടിയുടെ പേര് ‘നരേന്ദ്ര ദാമോദര്‍ദാസ് മോദി’ എന്ന് ഇട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റായി സൃഷ്ടിച്ച വാര്‍ത്തയാണെന്നാണ് കുഞ്ഞിന്റെ അമ്മ മെഹ്നാസ് ബീഗം പറയുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23നാണ് കുഞ്ഞ് ജനിച്ചത് എന്നാണ് മെഹ്നാസ് ആദ്യം പറഞ്ഞത്. എന്നാല്‍ കുഞ്ഞ് ജനിച്ചത് മെയ് 12നാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വ്യാജ വിവരങ്ങളാണ് മെഹ്നാസ് ബീഗം നല്‍കിയതെന്നും യുവതി പറയുന്നതും ആശുപത്രി രേഖയിലെ വിവരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
തന്റെ അമ്മായിയുടെ മകന്റെ നിര്‍ബന്ധം കാരണമാണ് കുട്ടിക്ക് മോദി എന്ന് ഇട്ടതെന്നും അതില്‍ താനിപ്പോള്‍ ഖേദിക്കുന്നെന്നും മെഹനാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന മെയ് 23ന് അല്ല കുട്ടി ജനിച്ചതെന്നനും മെയ് 12നാണ് കുട്ടി ജനിച്ചതെന്നും മാതാവ് പറയുന്നു. കുട്ടിക്ക് ഇപ്പോള്‍ അഫ്താബ് എന്ന് പേര് മാറ്റി ഇട്ടിട്ടുണ്ട്.
‘ഇത് ഇത്ര വലിയ പ്രശ്നമാകുമെന്ന് ഞാന്‍ കരുതിയില്ല. എന്റെ അമ്മായിയുടെ മകനും എന്റെ കസിനുമായ മുഷ്താഖ് അഹമ്മദ് പറഞ്ഞിട്ടാണ് കുട്ടിക്ക് മോദിയെന്ന് പേരിട്ടത്. അദ്ദേഹം മാധ്യമപ്രവര്‍ത്തകനാണ്. ഹിന്ദി പത്രമായ ഹിന്ദുസ്ഥാനിലാണ് ജോലി ചെയ്യുന്നത്. മെയ് 25ന് അവരുടെ പത്രത്തിന്റെ ലക്നൗ എഡിഷനില്‍ മകനെ കുറിച്ച് വാര്‍ത്തയും വന്നു. മുഷ്താഖിന്റെ പേരിലാണ് വാര്‍ത്ത വന്നത്,’ മെഹനാസ് പറഞ്ഞു.
Read More: മോദിയുടെ പേരില്‍ ബംഗളൂരുവില്‍ മൂന്ന് മുസ്ലിം പളളികള്‍: വാസ്തവം ഇതാണ്
‘പത്രക്കാരോട് മകന്‍ ജനിച്ചത് മെയ് 23നാണെന്ന് പറയാന്‍ മുഷ്താഖാണ് പറഞ്ഞത്. ഞാന്‍ വിദ്യാഭ്യാസം ഇല്ലാത്തയാളായത് കൊണ്ട് തന്നെ മോദിയെ കുറിച്ച് അധികം അറിയില്ല,’ മെഹനാസ് പറഞ്ഞു.
അതേസമയം മെഹനാസിന്റെ ആരോപണങ്ങള്‍ മുഷ്താഖ് നിഷേധിച്ചു. ‘അത് എന്റെ നിര്‍ദേശപ്രകാരം ചെയ്തതല്ല. കുട്ടിയുടെ പേര് മോദിയെന്ന് ഇടും എന്ന് അവരാണ് എന്നോട് പറഞ്ഞത്. തുടര്‍ന്നാണ് ഞാന്‍ ഇത് വാര്‍ത്തയാക്കിയത്. എന്നാല്‍ കുട്ടി ജനിച്ച തിയതിയെ കുറിച്ച് അവര്‍ എന്നോട് കളളം പറഞ്ഞതാണെന്ന് പിന്നീടാണ് അറിഞ്ഞത്,’ മുഷ്താഖ് പറഞ്ഞു.
മെഹനാസിന്റെ ഭര്‍ത്താവ് ദുബായിലാണ് ജോലി ചെയ്യുന്നത്. കുട്ടിയുടെ പേരിനെ ചൊല്ലി വിവാദം ഉയര്‍ന്നതോടെ തന്നെ അവഗണിക്കുന്നതായി മെഹനാസ് പറഞ്ഞു. ‘അദ്ദേഹം പ്രതിമാസം 4000 രൂപയോളം അയച്ച് തരുമായിരുന്നു. എന്നാല്‍ ഈ വിവാദമൊക്കെ ആയതോടെ അദ്ദേഹത്തിന് ദേഷ്യമായി. എന്നാല്‍ ഇപ്പോള്‍ അത് അയക്കുന്നില്ല. ദീപാവലിക്ക് നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുകയുളളു,’ മെഹനാസ് പറഞ്ഞു.