മുംബൈ: മുംബൈയില്‍ പലയിടത്തും ഇന്ന് രാവിലെ മുതല്‍ കനത്ത മഴ. കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായി. ധാരാവി, പശ്ചിമ എക്സ്പ്രസ് ഹൈവേ എന്നിവിടങ്ങളിലാണ് രൂക്ഷമായ വെളളക്കെട്ട് രൂപപ്പെട്ടത്. വെളളക്കെട്ടും ഗതാഗത സ്തംഭനവും കാരണം നിരവധി യാത്രക്കാരാണ് കുടുങ്ങിയത്. ജുഹു, മുലുന്ദ്, വൈല്‍ പാര്‍ലെ എന്നിവിടങ്ങളിലാണ് കനത്ത മഴയുണ്ടായത്. കൂടാതെ അയല്‍നഗരങ്ങളായ താനെ, വിരാര്‍, വാസൈ എന്നിവിടങ്ങളിലും മഴയുണ്ടായി.

നിലവില്‍ 24 ഡിഗ്രി സെല്‍ഷ്യസാണ് മുംബൈയിലെ കുറഞ്ഞ താപനില. കൂടിയ താപനില 31 ഡിഗ്രി സെല്‍ഷ്യസും. അതേസമയം, റെയില്‍-വ്യോമ ഗതാഗതം തടസമില്ലാതെ നടക്കുന്നുണ്ട്. രാവിലെ 9 മണിക്ക് മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഒരു സര്‍വീസ് മാത്രം വഴി തിരിച്ച് വിട്ടിരുന്നു.

അടുത്ത 24 മണിക്കൂറില്‍ മുംബൈ, താനെ, രത്നഗിരി എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കുന്നത്. വെളളക്കെട്ട് പരിഹരിക്കാനായി ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോർപറേഷന്‍ ബജറ്റ് വര്‍ധിപ്പിച്ചിരുന്നു. 2019-20 കാലയളവില്‍ 25,000 കോടി രൂപയാണ് മുന്‍സിപ്പല്‍ ബോഡിക്ക് ബജറ്റില്‍ അനുവദിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook