റിയാദ്: സൗദി അറേബ്യയിൽനിന്ന് പരിശുദ്ധമായ സംസം വെള്ളം കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് എയർ ഇന്ത്യ നീക്കി. അനുവദനീയമായ അളവില്‍ സംസം വെളളം എടുക്കാന്‍ ഹജ് തീർഥാടകര്‍ക്ക് അനുമതിയുണ്ടെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

വിമാനത്തിനുള്ളിലെ സ്ഥലപരിമിതി മൂലം ഹൈദരാബാദ്, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ സംസം ക്യാനുകൾ അനുവദിക്കാനാകില്ലെന്ന് ജൂലൈ നാലിന് എയർ ഇന്ത്യ അറിയിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ സെയില്‍സ് വിഭാഗം ആയിരുന്നു ഉത്തരവ് പുറത്തിറക്കിയത്. AI 966, AI 964 വിമാനങ്ങളിലാണ് വിലക്കെന്നും അറിയിച്ചിരുന്നു.

എയർ ഇന്ത്യയുടെ നടപടിക്കെതിരെ ഹജ് തീർഥാടകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു ചെറിയ ബോട്ടിൽ കൊണ്ടുവരുന്നതിന് എത്ര സ്ഥലമാണ് എയർ ഇന്ത്യയ്ക്ക് അധികമായി നഷ്ടമാകുന്നതെന്ന് തീർഥാടകര്‍ ചോദ്യം ചെയ്തു.

Read More: ‘ഒരു കുപ്പി സംസം വെളളം എനിക്ക് വേണ്ടി കരുതണം’; ഹജ് തീര്‍ത്ഥാടകരോട് രാജ്മോഹന്‍ ഉണ്ണിത്താന്‍

അനുവദനീയമായ അളവില്‍ സംസം വെളളം കൊണ്ടു വരുന്നതില്‍ യാത്രക്കാര്‍ക്ക് വിലക്കില്ലെന്ന് എയര്‍ ഇന്ത്യ ഇന്ന് അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ക്ഷമാപണം നടത്തുന്നതായും എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ബസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 45 കിലോ ബാഗേജും അഞ്ച് ലിറ്റര്‍ സംസം വെള്ളവും, ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജും അഞ്ച് ലിറ്റര്‍ സംസം വെള്ളവും കൊണ്ടുപോകാമെന്ന് ഉത്തരവില്‍ പറയുന്നു.

ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന എഐ 964 വിമാനത്തിലും ഹൈദരാബാദിലേക്കുള്ള എഐ 966 വിമാനത്തിലും സെപ്റ്റംബര്‍ പതിനഞ്ചു വരെ സംസം വെള്ളം കൊണ്ടുപോകാനാകില്ലെന്നായിരുന്നു നേരത്തെ എയര്‍ഇന്ത്യ അറിയിച്ചിരുന്നത്. ഈ സെക്ടറുകളില്‍ സര്‍വീസ് നടത്തിയിരുന്ന വലിയ വിമാനങ്ങള്‍ ഹജ് സര്‍വീസുകള്‍ക്കായി പിന്‍വലിച്ചിരുന്നു. പകരം ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് മൂലം ഉണ്ടായ സ്ഥലപരിമിതിയാണ് സംസം വെള്ളം കൊണ്ട് പോകാതിരിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്.

പ്രവാചകന്‍ ഇബ്രാഹിമിന്റെ മകന്‍ ഇസ്മാഈല്‍ കാലിട്ടടിച്ച സ്ഥലത്തുണ്ടായ ഉറവയാണ് സംസം എന്നാണ് ഇസ്‌ലാമിക ഐതിഹ്യം. ഹജിനെത്തുന്ന തീര്‍ഥാടകര്‍ സംസം വെള്ളവും ശേഖരിച്ചാണ് മടങ്ങാറുളളത്. മത പ്രബോധനത്തിനായി ഇബ്രാഹിം നബി ദൈവനിര്‍ദേശപ്രകാരം ഭാര്യ ഹാജറ ബീവിയേയും മകനായ ഇസ്മാഈലിനേയും മരുഭൂമിയില്‍ ഉപേക്ഷിച്ചു പോകുന്നു. വിജനമായ മരുഭൂമിയിൽ ഒരിറ്റുവെള്ളം ലഭിക്കാതെ ഹാജറാ ബീവി അലഞ്ഞു. കഅ്ബക്കരികിലായി കുഞ്ഞിനെ കിടത്തി ഹാജറാ ബിവി വെള്ളമന്വേഷിച്ചോടി. വെള്ളത്തിനായി കരഞ്ഞ കുഞ്ഞിന്റെ കാല്‍പാദം തട്ടിയ ഭാഗത്ത് നിന്നും വെള്ളം ഉറവ പൊട്ടി. അതിന്റെ പ്രവാഹമടങ്ങാതായപ്പോള്‍ വെള്ളത്തെ നോക്കി ഹാജറാ ബീവി സംസം അഥവാ അടങ്ങൂ എന്ന് പറഞ്ഞു. ഇതായിരുന്നു സംസം കിണറിന്റെ തുടക്കം. സംസം പുണ്യ ജലമാണെന്നാണ് മുസ്‌ലിം വിശ്വാസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook