ജയ്പൂര്‍: വിവാഹ പിറ്റേന്ന് നവവരന് കാറപകടത്തില്‍ മരിച്ചു. രാജസ്ഥാനിലെ ജൈത്പുരയില് ബുധനാഴ്ചയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ വധുവിന്റെ വീട്ടുകാരായ നാല് പേര്‍ക്ക് പരുക്കേറ്റു. വധുവിന്റെ വീടായ അജ്മീറില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് അജയ്കുമാര്‍ (32) മരിച്ചത്. വധുവായ സുനിതയും (28) വാഹനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ സുനിത നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ബുധനാഴ്ച രാവിലെ വധുവിന്റെ വീട്ടില്‍ നിന്നും തിരികെ വരുമ്പോഴാണ് അപകടം നടന്നത്. അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി ഇടിച്ചാണ് അപകടം. ജൈത്പുരയില് എത്തുന്നതിന് മുമ്പ് ഈ വാഹനം ആര്‍ടിഒ സംഘം കൈ കാണിച്ചിരുന്നെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് അമിത വേഗത്തില്‍ ഓടിയ വാഹനം കാറിലിടിക്കുകയായിരുന്നു.
ലോറിക്ക് പിന്നാലെ ആര്‍ടിഒ സംഘവും ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ലോറിയുടെ ഡ്രൈവറേയും ക്ലീനറേയും പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വരന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. വിവാഹത്തിന് പിന്നാലെയുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് വരന്റേയും വധുവിന്റേയും വീട്ടുകാര്‍. വരന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ആയിരക്കണക്കിന് പേരാണ് കാണാനായി എത്തിയത്.
വന്നവരൊക്കെ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. കുടുംബാംഗങ്ങളില്‍ ചിലര്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഏറെ നേരം വരന്റെ വീട്ടില്‍ തന്നെ തുടര്‍ന്നു. അതേസമയം, ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നവവധുവും കുഴഞ്ഞു വീണു. പിന്നീട് ബോധം തെളിഞ്ഞ സുനിതയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളും കുഴങ്ങി. സംഭവത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും എതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുളളത്.