ന്യൂഡൽഹി: ഗരീബ് രഥ് ട്രെയിനുകളുടെ സർവീസ് നിർത്തില്ലെന്ന് റെയിൽവേ മന്ത്രാലയം. ട്രെയിനിന്റെ നിരക്ക് വര്‍ധിപ്പിക്കില്ലെന്നും സാധാരണ രീതിയില്‍ മുമ്പോട്ട് പോകുമെന്നും റെയിൽവേ മന്ത്രി സുരേഷ് അങ്കാടി പറഞ്ഞു. ഗരീബ് രഥ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗരീബ് രഥ് ട്രെയിനുകൾക്കായി കോച്ചുകൾ നിർമിക്കുന്നത് റെയിൽവേ നേരത്തെ തന്നെ നിർത്തിയിരുന്നു. ഗരീബ് രഥ് ട്രെയിനുകൾ മെയിൽ അല്ലെങ്കിൽ എകസ്പ്രസ് ട്രെയിനുകളാക്കി മാറ്റാനാണ് സർക്കാരിന്റെ പദ്ധതിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.
സാധാരണക്കാർക്കും എസി ട്രെയിനുകളിലെ യാത്ര സാധ്യമാക്കുന്നതിനാണ് റെയിൽവേ ഗരീബ് രഥ് ട്രെയിനുകൾ അവതരിപ്പിച്ചത്. 2006ൽ ലാലു പ്രസാദ് യാദവാണ് എസി ത്രീ ടയർ കോച്ചുകളുമായി ഗരീബ് രഥ് ആരംഭിച്ചത്. ബിഹാറിലെ സഹർസയിൽ നിന്നും അമൃത്സറിലേക്കായിരുന്നു ആദ്യത്തെ ഗരീബ് രഥ് ട്രെയിൻ സർവീസ് നടത്തിയത്.