ഹൈദരാബാദ്: അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് പക്ഷാഘാതം പിടിപെട്ട ഏഷ്യാറ്റിക് സിംഹം ചത്തു. ഹൈദരാബാദിലെ നെഹ്റു വന്യജീവി പാര്‍ക്കിലെ ജീത്തു എന്ന സിംഹമാണ് ശനിയാഴ്ച ചത്തത്. സിംഹത്തിന്റെ പിറകിലെ രണ്ട് കാലുകളും തളര്‍ന്ന് പോയിരുന്നു. അഞ്ച് വയസ് പ്രായമുളള സിംഹത്തിന് കഴിഞ്ഞ 12 ദിവസമായി കാലിന് ചികിത്സ നടത്തുന്നതിനിടയിലാണ് ചത്തത്.
ജൂലൈ 8 മുതല്‍ സിംഹം ക്ഷീണിതനായി കാണപ്പെട്ടിരുന്നു. ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് അതിഥികള്‍ ആദ്യം കരുതിയിരുന്നത്. തുടര്‍ന്ന് സിംഹത്തെ ചികിത്സിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ പരിശോധനയിലാണ് സിംഹത്തിന് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയത്. തുടര്‍ന്ന് സിംഹത്തെ പാര്‍ക്കിലെ സമ്മര്‍ഹൗസ് പ്രദേശത്തേക്ക് മാറ്റി. ഇവിടെ തീവ്ര പരിചരണം നല്‍കി വരികയായിരുന്നു.
ജീത്തുവിന്റെ ചികിത്സയ്ക്കായി വിദഗ്‌ധരുടെ സഹായം തേടിയിരുന്നു. അടുത്ത ദിവസങ്ങളില്‍ സിംഹത്തിന് വിദഗ്‌ധ ചികിത്സ നടപ്പിലാക്കാനുളള തീരുമാനവും കൈക്കൊണ്ടിരുന്നു. എന്നാല്‍ ഇതിനിടയിലാണ് സിംഹം ചത്തത്.
പോസ്റ്റ്മോര്‍ട്ടം നടത്തി സിംഹത്തിന്റെ ജഡം സംസ്കരിച്ചു. ഒന്നില്‍ കൂടുതല്‍ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.