ജിദ്ദ: ഇന്ത്യൻ ഹാജിമാരുടെ ആദ്യസംഘം വ്യാഴാഴ്ച പുലര്‍ച്ചെ മദീനയിൽ എത്തി. ഡല്‍ഹിയില്‍ നിന്നും 420 തീര്‍ഥാടകരാണ് മദീനയിലെത്തിയത്. ഇവരെ അംബാസിഡറുടേയും ഹജ് മിഷന്റേയും നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള 301 അംഗ സംഘമാണ് ഹജ്ജിനായി രാജ്യത്ത് ആദ്യമെത്തിയത്.
ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സെയ്ദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് എന്നിവരുടെ നേതൃത്വത്തിൽ ഹാജിമാരെ ഊഷ്മളമായി സ്വീകരിച്ചു. ആദ്യ സംഘത്തെ ഡൽഹി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താസ് അക്ബർ നഖ് വി ഫ്ലാഗ് ഓഫ് ചെയ്താണ് യാത്ര അയച്ചത്.
കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ ഏഴിന് കരിപ്പൂരില്‍ നിന്നാണ് പുറപ്പെടുക. നെടുമ്പാശേരിയില്‍ നിന്ന് ഈ മാസം 14നാണ് ഹാജിമാരെത്തുക. കേരളക്കാരെല്ലാം എത്തുന്നത് ഇത്തവണ മദീനയിലേക്കാണ്. ഹജ് കഴിഞ്ഞവര്‍ ജിദ്ദ വഴി മടങ്ങും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളുടേയും പ്രധാന ശ്രദ്ധയിനി ഹജ്ജിലാണ്.
Read More: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂൾ പുറത്തിറക്കി
ഈ വർഷം രണ്ട് ലക്ഷം ഹജ് തീർഥാടകരാണ് മക്കയിലേക്ക് പോകുക. തീർഥാടകര്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. സൗദി ഭരണകൂടം ഈ വർഷം ഇന്ത്യയിൽ നിന്നുള്ള ഹജ് തീർഥാടകരുടെ ക്വാട്ട വർധിപ്പിച്ച് നൽകിയിരുന്നു.