റാഞ്ചി: ജാർഖണ്ഡിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ പെൺകുട്ടി ഖുറാൻ വിതരണം ചെയ്യണമെന്ന് കോടതി. ഫെയ്സ്ബുക്കില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന ആരോപണത്തിലാണ് പെണ്‍കുട്ടിയെ റാഞ്ചിയില്‍ അറസ്റ്റ് ചെയ്തത്. ഖുറാന്റെ അഞ്ച് കോപ്പികള്‍ വിതരണം ചെയ്യണമെന്ന നിര്‍ദേശത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
റാഞ്ചി വുമൺസ് കോളജ് മൂന്നാം വർഷ വിദ്യാർഥിനി റിച്ച ഭാരതിയാണ് (19) അറസ്റ്റിലായത്. പ്രാദേശിക ഇസ്ലാമിക് സംഘടനയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സാമുദായിക മൈത്രി തകർക്കും എന്നാരോപിച്ചായിരുന്നു പരാതി.
ഫെയ്സ്ബുക്കിലെ കുറിപ്പ് താൻ എഴുതിയതല്ല. മറ്റൊരു ലേഖനം പകർത്തി ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നെന്നും റിച്ച പറഞ്ഞു. തങ്ങളുടെ ഈശ്വരനെക്കുറിച്ച് എഴുതുന്നത് തെറ്റല്ല. താൻ മറ്റുള്ളവരുടെ മതവികാരം മനഃപൂർവം വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും റിച്ച കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു റിച്ചയുടെ അറസ്റ്റ്. റാഞ്ചി ജുഡീഷൽ മജിസ്ട്രേറ്റ് മനീഷ് കുമാർ സിൻഹയാണ് റിച്ചയ്ക്കു അസാധാരണ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച് 15 ദിവസത്തിനുള്ളിൽ അഞ്ച് വായനശാലകള്‍ക്ക് ഖുറാൻ വിതരണം ചെയ്യണമെന്നും ഇതിന്റെ രസീത് കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് റിച്ചയുടെ കുടുംബം.