അഡ്ലൈഡ്: ഓസ്ട്രേലിയയില്‍ നിരവധി കൊറെല്ലാ പക്ഷികള്‍ക്ക് (ഒരിനം തത്ത) വിഷബാധയേറ്റതായി സംശയം. 60ല്‍ അധികം പക്ഷികള്‍ പറക്കുന്നതിനിടെ ചത്ത് താഴെ വീണതായി ഓസ്ട്രേലിയന്‍ വന്യജീവി സംരക്ഷകര്‍ കണ്ടെത്തി. അഡ്ലൈഡിലാണ് നിരവധി തത്തകള്‍ ചത്തു വീണ നിലയില്‍ കണ്ടെത്തിയത്.
അഡ്ലൈഡിലെ വണ്‍ ട്രീ ഹില്‍ പ്രൈമറി സ്കൂളിന് അടുത്താണ് കൂടുതലായും പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ദക്ഷിണ ഓസ്ട്രേലിയയില്‍ സംരക്ഷിക്കപ്പെടുന്ന നീണ്ട ചുണ്ടുളളതും-പതിഞ്ഞ ചുണ്ടുളളതുമായ കൊറെല്ലാ പക്ഷികളും ഇക്കൂട്ടത്തില്‍ പെടും.

കാസ്പേര്‍സ് പക്ഷി സുരക്ഷാ വിഭാഗമാണ് പക്ഷികള്‍ ചത്ത നിലയിലോ അവശമായ നിലയിലോ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. പിന്നീട് അവശരായ പക്ഷികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വളരെ മാരകമായ വിഷമാണ് പക്ഷികള്‍ കൂട്ടത്തോടെ കഴിച്ചതെന്നാണ് നിഗമനം. അവശ നിലയില്‍ കണ്ട ഒരു പക്ഷിയും രക്ഷപ്പെട്ടിട്ടില്ലെന്ന് കാസ്പേര്‍സ് പക്ഷി സുരക്ഷാ വിഭാഗത്തിന്റെ സ്ഥാപക സാറാ കിങ് പറഞ്ഞു.

Read More: ദുരൂഹസാഹചര്യത്തില്‍ 43 മയിലുകളെ കൂട്ടമായി ചത്ത നിലയില്‍ കണ്ടെത്തി

‘മരത്തില്‍ നിന്നും ആകാശത്ത് നിന്നും പക്ഷികള്‍ ചത്തു വീഴുന്നതായി അറിയിച്ച് ഒരു ഫോണ്‍ കോളാണ് ആദ്യം കിട്ടിയത്. ഒരു പ്രേത സിനിമ പോലെയായിരുന്നു അവിടെ കണ്ട കാഴ്ച്ച. പക്ഷികള്‍ കൂട്ടത്തോടെ ചത്ത് നിലത്ത് വീണിരിക്കുന്നു,’ സാറ പറഞ്ഞുു.

സംഭവത്തില്‍ പക്ഷികള്‍ ചാവാനിടയായ സാഹചര്യം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അവശരായി കണ്ടെത്തി ചില പക്ഷികളെ മൃഗ ഡോക്ടര്‍മാരുടെ അടുത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പക്ഷികളുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ വര്‍ഷം സമാനമായ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മയിലുകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
മധുരയിലെ മംഗലക്കുടിയില്‍ 43 മയിലുകളെ ആയിരുന്നു ദുരൂഹസാഹചര്യത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം കലര്‍ത്തിയ ധാന്യമണികള്‍ കഴിച്ചാവാം ഇവ ചത്തതെന്ന് മധുര വന്യജീവിസങ്കേത റെയ്ഞ്ച് ഓഫീസല്‍ എസ് അറുമുഖം പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ധാന്യമണികളിലുണ്ടായിരുന്ന വിഷമാണ് ഇവയുടെ മരണത്തിന് കാരണമാക്കിയതെന്ന് പറയുന്നുണ്ട്. ‘എല്ലാ ദിവസവും ഈ പ്രദേശത്ത് ധാന്യം തേടി മയിലുകള്‍ കൂട്ടത്തോടെ വരാറുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. വൈകിട്ട് 6.30ഓടെ ഇവ കൂടുകളിലേക്ക് മടങ്ങും. ചില സാമൂഹ്യവിരുദ്ധര്‍ ഇവിടെ വിഷം ചേര്‍ത്ത ധാന്യം വിതറിയതായാണ് സംശയിക്കുന്നത്’, പോസ്റ്റ്മോര്‍ട്ടം നടത്തിയത് മുതിര്‍ന്ന മൃഗഡോക്ടര്‍ പറഞ്ഞു. തങ്ങളുടെ കൃഷിസ്ഥലത്ത് കയറുന്നത് കൊണ്ട് ചില കര്‍ഷകരാണ് വിഷം വെച്ചതെന്നും അന്ന് സംശയം ഉയര്‍ന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook