മുംബൈ: കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയൻ ആയി പരിഗണിക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. രാജ്യസഭയിൽ ആയുർവേദത്തെ പറ്റിയുള്ള ചർച്ചയിലാണ് സഞ്ജയ് റാവത്ത് വിചിത്രവാദം ഉന്നയിച്ചത്. ആയുർവേദ ഭക്ഷണം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടുമെന്നും അദ്ദേഹം പറഞ്ഞു. റാവത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയില്‍ പരിഹാസം ഉയര്‍ന്നു. റാവത്തിന്റെ വെജിറ്റേറിയന്‍ പട്ടികയില്‍ ബീഫും മട്ടനും കൂടി ഉള്‍പ്പെടുത്തണമെന്ന് ചിലര്‍ പരിഹസിച്ചു.
‘കോഴി വെജിറ്റേറിയനാണോ നോണ്‍-വെജിറ്റേറിയനാണോ എന്ന് ആയുഷ് മന്ത്രാലയം പരിശോധന നടത്തണം. ആയുർവേദ ഭക്ഷണം മാത്രം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടുമെന്നാണ് പഠനങ്ങൾ പറയുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ആ മുട്ട കഴിക്കാം. മഞ്ഞളും പാലും ചേർത്തുള്ള പാനീയത്തിന്റെ ആരോഗ്യഗുണം തിരിച്ചറിഞ്ഞ് പാശ്ചാത്യലോകത്തുള്ളവർ ശീലമാക്കുമ്പോൾ ഇന്ത്യക്കാർ അത് അവഗണിക്കുകയാണെന്നും റാവത്ത് പറഞ്ഞു.
‘ഒരിക്കൽ ഞാൻ നന്ദുർബാർ പ്രദേശത്തെ ഒരു ചെറിയ ചേരിയിൽ പോയി. അവിടുത്തെ ആദിവാസികൾ ഒരു ഭക്ഷണം കൊണ്ടുവന്നു തന്നു. അതെന്താണെന്ന് ചോദിച്ചപ്പോൾ ആയുർവേദിക് ചിക്കൻ എന്നാണ് മറുപടി പറഞ്ഞത്. എല്ലാ അസുഖങ്ങളും ഭേദമാക്കാൻ കഴിയും വിധമാണ് അവർ കോഴിയെ വളർത്തുന്നതത്രേ. ചൗധരി സിങ് ചരണ്‍ സര്‍വകലാശാല ഇതിനെ കുറിച്ച് പഠനം നടത്തുകയാണ്’ റാവത്ത് പറഞ്ഞു.