ചെന്നൈ: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ പ്രതികരണവുമായി നടി രഞ്ജിനി രംഗത്ത്. ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്. അമ്പതാണ്ടിനുശേഷം ഇതാദ്യമായാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്. 1970 ല്‍ ധനമന്ത്രാലയ ചുമതലയുണ്ടായിരുന്ന പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത. ബജറ്റ് നിർദേശങ്ങളടങ്ങിയ പതിവ് ബ്രൗണ്‍ ബ്രീഫ് കെയ്‌സിന് പകരം നാലുമടക്കുള്ള ചുവന്ന തുണി സഞ്ചിയുമായാണ് നിര്‍മല സീതാരാമന്‍ സഭയിലെത്തിയത്.

നിരവധി പദ്ധതി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായെങ്കിലും വിദ്യാഭ്യാസ-തൊഴില്‍ സാധ്യതാ മേഖലകളെ അവഗണിച്ചെന്ന് രഞ്ജിനി അഭിപ്രായപ്പെട്ടു. താന്‍ നിര്‍മല സീതാരാമന്റെ ആരാധികയാണെന്നും പക്ഷെ ബജറ്റ് നിരാശപ്പെടുത്തിയെന്നും രഞ്ജിനി വ്യക്തമാക്കി.

Read More: ബജറ്റ് പെട്ടിയില്‍ നിരാശ; കേരളം കേന്ദ്രത്തെ സമീപിക്കും

‘”ഇന്ത്യയുടെ ധനമന്ത്രി നിര്‍മല സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാന്‍. പക്ഷേ താങ്കളുടെ ആദ്യ ബജറ്റ് എന്നെ നിരാശയിലാഴ്ത്തുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയേയും തൊഴില്‍ മേഖലയേയും ബജറ്റില്‍ അവഗണിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇഷ്ടപ്പെടുന്ന ഞാന്‍, വിദേശ വിദ്യാർഥികൾ ഇന്ത്യയില്‍ പഠിക്കുക എന്ന പദ്ധതിയെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നു,” രഞ്ജിനി പറഞ്ഞു.

അതിനായി 2011 മുതല്‍ ഞാന്‍ പ്രചാരണം നല്‍കി കൊണ്ടിരിക്കുകയാണ് (ബധിരകര്‍ണങ്ങളിലാണ് അതു പതിച്ചത്‌). എന്നാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ സംബന്ധിച്ച കണക്ക് ആശങ്കപ്പെടുത്തുന്നു. അധ്വാനശേഷിയുടെ വലിയൊരു നിധി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും വിദേശത്ത് തൊഴില്‍ നേടുന്നതിനായി ഭാഷാ പരിശീലനം നല്‍കുമെന്നും പ്രഖ്യാപിക്കുമ്പോള്‍ തൊഴിലുകള്‍ എവിടേയെന്നും രഞ്ജിനി ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook