ബെംഗളൂരു: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അന്നത്തെ കർണാടക മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി മാണ്ഡ്യയിൽ വിജയം നേടിയ, നടിയും അന്തരിച്ച രാഷ്ട്രീയ നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലതയുടെ ഫോ​ണും ചോർത്തിയതായി ആരോപണം.

വലിയ പ്രതിബന്ധങ്ങൾ മറികടന്ന് മാണ്ഡയിൽ നിന്ന് സീറ്റ് നേടിയ സുമലതയുടേയും അനുയായികളും അഭിനേതാക്കളുമായ ദർശൻ, യാഷ്, മറ്റ് രാഷ്ട്രീയ അനുയായികൾ എന്നിവരുടേയും ഫോൺ കോളുകൾ ചോർത്തിയതായി ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ നിന്നും അറിയാൻ സാധിച്ചു.

കോൺഗ്രസ്-ജെഡിഎസ് സഖ്യം ഭരണത്തിലുണ്ടായിരുന്ന സമയത്ത് തന്നെ തിരഞ്ഞെടുപ്പ് എത്തരത്തിലാകും എന്ന ആശങ്കയെ തുടർന്ന് സുമലതയുടെ ഗ്രൂപ്പിലുണ്ടായിരുന്നവരുടെയെല്ലാം ഫോൺ വ്യാപകമായി ചോർത്തിയതായി അടുത്തവൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

മാണ്ഡ്യ നിയോജകമണ്ഡലത്തിൽ ആധിപത്യം പുലർത്തുന്ന വോക്കലിഗ സമുദായത്തിലെ പ്രമുഖ ആചാര്യനായ നിർമ്മലാനന്ദ സ്വാമിയുടെ ഫോൺ കോളുകളും സമാനമായ രീതിയിൽ നിയമവിരുദ്ധമായി തടഞ്ഞുവച്ചു. സുമലത ഗ്രൂപ്പിന് മേൽ മേൽക്കൈ നേടാനുള്ള ഒരു വലിയ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് ഇത് നടന്നത്.

കഴിഞ്ഞ ജെഡി (എസ്) കോൺഗ്രസ് സഖ്യ സർക്കാറിന്റെ ഭരണകാലത്താണ് അനധികൃത ടാപ്പിംഗ് നടന്നതെന്ന് ബെംഗളൂരു പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് ഓഗസ്റ്റിൽ പുതിയ ബിജെപി സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

മാർച്ചിൽ പ്രചാരണത്തിനിടെ, തന്റെ ക്യാമ്പിലെ അംഗങ്ങളുടെ ഫോൺ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ പൊതുവിടങ്ങളിൽ പുറത്തുവന്നതിനെ തുടർന്ന് താൻ ടെലിഫോൺ നിരീക്ഷണത്തിലാണെന്ന് സുമലത തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. “തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങളുടെ ഫോണുകൾ ടാപ്പുചെയ്യുന്നുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു, പക്ഷേ ആരാണ്, എങ്ങനെ സംഭവിക്കുന്നുവെന്ന് ഞങ്ങൾക്ക് വ്യക്തമല്ല. സിബിഐ അന്വേഷണം വസ്തുതകൾ പുറത്തുകൊണ്ടുവരണം,’’ അന്ന് സുമലത പറഞ്ഞിരുന്നു.

സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രചാരണ വേളയിൽ ഞാൻ പ്രസ്താവിച്ചിരുന്നു. അത് സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും തെറ്റാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് അറിയണം,’’ അവർ പറഞ്ഞു.

കോൺഗ്രസിൽ ചേർന്ന മുൻ സിനിമാ താരവും മാണ്ഡ്യയിൽ നിന്നുള്ള ജെഡി (എസ്) ബഹുജന നേതാവുമായ എം എച്ച് അംബരീഷിന്റെ ഭാര്യയാണ് സുമലത. കോൺഗ്രസ് വിമതരുടെയും ബിജെപിയുടെയും പിന്തുണയോടെ അവർ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനെ പരാജയപ്പെടുത്തി.

തന്റെ ഭരണകാലത്ത് ബെംഗളൂരു പോലീസ് അനധികൃതമായി ഫോണുകൾ ടാപ്പുചെയ്തതായി ആരോപണം കുമാരസ്വാമി നിഷേധിച്ചു. “എല്ലാ മുഖ്യമന്ത്രിമാരുടെ കാലത്തും ഫോൺ ടാപ്പിംഗ് നടന്നിട്ടുണ്ട്. അവർക്ക് എന്നെ സംശയമുണ്ടെങ്കിൽ അന്വേഷണം നടത്തട്ടെ. ആശങ്കകളൊന്നുമില്ല,” അഴിമതി പരസ്യമായി പുറത്തുവന്ന ശേഷം അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook