ന്യൂഡൽഹി: ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളില്‍ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നവരില്‍ ആണ്‍കുട്ടികളെക്കാള്‍ കൂടുതലാണ് പെണ്‍കുട്ടികളുടെ എണ്ണമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ എജ്യുക്കേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറാണ് പുറത്ത് വിട്ടത്.

കഴിഞ്ഞ ഏഴുവര്‍ഷത്തെ ലിംഗ സമത്വ സൂചിക (ജെന്‍ഡര്‍ പാരിറ്റി ഇന്‍ഡെക്‌സ്) പ്രകാരം 2010-11 വര്‍ഷങ്ങളിൽ ഇന്ത്യയുടെ 0.86ഉം 2016-17 വര്‍ഷങ്ങളില്‍ അത് 0.94ഉം ആണ്. ഗോവ, ഹിമാചല്‍ പ്രദേശ്, മേഘാലയ, ജമ്മു കശ്മീര്‍, നാഗാലാൻഡ്, സിക്കിം, കേരളം എന്നീ എഴ് സംസ്ഥാനങ്ങളില്‍ ആണ്‍കുട്ടികളെക്കാളധികം പെണ്‍കുട്ടികളാണ് ഉന്നതവിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. ജമ്മു കശ്മീരില്‍ രണ്ടുവര്‍ഷം മുമ്പാണ് ഉന്നതവിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. എന്നാല്‍ 2015-16 വര്‍ഷത്തേക്കാള്‍ കുറവാണ് 2016-17 വര്‍ഷത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയ മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം.

സര്‍വേ 2015-16 വര്‍ഷത്തില്‍ 799 യൂണിവേഴ്‌സിറ്റികള്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം രാജ്യത്ത് 864 യൂണിവെഴ്‌സിറ്റികളുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് 3.57 കോടി വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ 1.9 കോടി ആണ്‍കുട്ടികളും 1.67 കോടി പെണ്‍കുട്ടികളുമാണ്. പ്രവേശനം രേഖപ്പെടുത്തിയതില്‍ 80 ശതമാനം അതായത് 2.83 കോടി വിദ്യാര്‍ത്ഥികളും ഡിഗ്രി തലത്തിലാണ്. ഏകദേശം 40 ലക്ഷം അതായത് 11.2 ശതമാനം ബിരുദാനന്തര ബിരുദ തലത്തിലും 0.4 ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമേ ഗവേഷണ രംഗത്തുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ