ചെന്നൈ: ജയലളിത താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വീടിനുമേൽ അവകാശ വാദമുന്നയിച്ച് സഹോദരപുത്രി ദീപ ജയകുമാർ. പോയസ് ഗാർഡനിലെ വേദ നിലയം ബംഗ്ലാവിലേക്ക് കടക്കാൻ ശ്രമിച്ച ദീപയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. എഐഎഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനും സംഘവുമാണ് തന്നെ തടഞ്ഞതെന്ന് ദീപ ആരോപിച്ചു. സഹോദരന്‍ ദീപക് വിളിച്ചാണു വന്നതെന്നും എന്നാൽ ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്നു സഹോദരന്‍ ചതിച്ചെന്നും ദീപ ആരോപിച്ചു.

സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. വലിയ പൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 40 വർഷത്തോളം ജയലളിത താമസിച്ചിരുന്നത് വേദ നിലയത്തിലാണ്. ജയലളിതയുടെ മരണത്തിനുശേഷം തോഴി ശശികലയാണ് ഇവിടെ താമസിച്ചത്. ശശികല ജയിലിലായതോടെ മന്ത്രിമാരുമായും മുതിർന്ന നേതാക്കളുമായും ദിനകരൻ കൂടിക്കാഴ്ച നടത്തിയിരുന്നത് ഇവിടെ വച്ചാണ്. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി ബംഗ്ലാവ് വെറുതെ കിടക്കുകയാണ്.

ജയയുടെ വസതിയായ വേദനിലയം തനിക്കും സഹോദരന്‍ ദീപക്കിനും അവകാശപ്പെട്ടതാണെന്നാണ് ദീപയുടെ അവകാശവാദം. ജയലളിതയുമായി രക്തബന്ധമുള്ളവര്‍ തങ്ങള്‍ രണ്ടുപേരുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപ ഈ അവകാശവാദമുന്നയിക്കുന്നത്. തങ്ങളുടെ സമ്മതമില്ലാതെ ഇത് സ്മാരകമാക്കിമാറ്റാന്‍ എഐഎഡിഎംകെയിലെ ഇരുവിഭാഗത്തിനും സാധിക്കില്ലെന്നും ദീപ പറയുന്നു. അധികാരത്തിലെത്തിയാല്‍ വേദനിലയം സ്മാരകമാക്കുമെന്നത് പനീര്‍ശെല്‍വം വിഭാഗത്തിന്റെ പ്രധാന വാഗ്ദാനമാണ്.

ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മക്കളാണ് ദീപയും ദീപക്കും. ജയയുടെ മരണത്തെത്തുടര്‍ന്ന് എംജിആര്‍ അമ്മ ദീപ പേരവൈ എന്ന പേരില്‍ ദീപ പുതിയ പാര്‍ട്ടി രൂപവത്കരിച്ചു. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook