മുംബൈ: വിഖ്യാത ഗായിക ലത മങ്കേഷ്‌കർ ആശുപത്രിയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ലത മങ്കേഷ്‌കറെ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ലത മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ലത മങ്കേഷ്‌കറുടെ ബന്ധുവായ രചന ഷാ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.
Read Also: അനുകരണം ഒരിക്കലും ശാശ്വതമല്ല; റാണു മണ്ഡലിനോട് ലത മങ്കേഷ്‌കർ
“ആരോഗ്യനില മോശമാണെന്ന വാര്‍ത്തകള്‍ ശരിയല്ല. ലത മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരമല്ല. ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. എത്രയും പെട്ടന്ന് പൂര്‍ണ്ണ ആരോഗ്യവതിയാകും” രചന ഷാ പറഞ്ഞു.
സെപ്റ്റംബര്‍ 28 നാണ് ലത മങ്കേഷ്‌കർ 90-ാം ജന്മദിനം ആഘോഷിച്ചത്. ഭാരത് രത്‌ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവയെല്ലാം നല്‍കി രാജ്യം ആദരിച്ച ഗായികയാണ് ലത മങ്കേഷ്‌കര്‍. ഹിന്ദിയില്‍ മാത്രം ആയിരത്തിലേറെ പാട്ടുകളാണ് ലത മങ്കേഷ്‌കര്‍ ആലപിച്ചിട്ടുള്ളത്.