ഇതിഹാസ പിന്നണി ഗായിക ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരം സംസ്കരിച്ചു. മുംബൈ നഗരത്തിലെ ശിവാജി പാർക്കിലാണ് സംസ്കാര ചടങ്ങുകൾ. ചടങ്ങുകളിൽ വൻ ജനക്കൂട്ടത്തെ പ്രതീക്ഷിച്ച് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഞായറാഴ്ച പാർക്കിന് ശ്മശാനത്തിന്റെ താൽക്കാലിക പദവി നൽകി. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരച്ചടങ്ങുകൾ പൂർത്തിയായത്.
മങ്കേഷ്കറുടെ പ്രഭുകുഞ്ചിലെ വസതിക്ക് പുറത്ത് ആയിരത്തോളം പേരുടെ വലിയ ജനക്കൂട്ടം എത്തിച്ചേർന്നിരുന്നു. മരണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധിയായിരിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ ശിവാജി പാർക്കിന് ശ്മശാന സ്ഥലത്തിന്റെ താത്കാലിക പദവി അനുവദിച്ചതായി മുംബൈ അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സുരേഷ് കക്കാനി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ബിഎംസി കമ്മീഷണർ ഐ എസ് ചാഹൽ, അഡീഷണൽ കമ്മീഷണർമാരായ സുരേഷ് കക്കാനി, സഞ്ജീവ് കുമാർ, മുംബൈ പോലീസ് ജോയിന്റ് കമ്മീഷണർ വിശ്വാസ് നംഗ്രെ പാട്ടീൽ എന്നിവർ ശിവാജി പാർക്കിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് നഗര ഭരണത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മങ്കേഷ്കറുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുന്നതിനായി ശിവാജി പാർക്കിലെത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ തുടങ്ങിയവരും ഗായികയ്ക്ക് അന്തിമോപചാരം അർപിക്കാനെത്തി. ലതാ മങ്കേഷ്കറിന് അന്തിമോപചാരം അർപ്പിക്കാൻ വൈകുന്നേരത്തോടെ മുംബൈ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

Also Read: ലത മങ്കേഷ്കർ സ്കൂളിൽ പോയത് ആദ്യ ദിനം മാത്രം; ആദ്യ പാഠങ്ങൾ പഠിച്ചത് വീട്ടിലെ സഹായിയിൽ നിന്ന്
2012ൽ അന്നത്തെ മുനിസിപ്പൽ കമ്മീഷണറായിരുന്ന എസ് കെ കുന്റെയാണ് ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ ശിവാജി പാർക്കിന് ശ്മശാന പദവി നൽകിയത്.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന മങ്കേഷ്കർ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ചയാണ് മരിച്ചത്. കോവിഡ് -19 ബാധിച്ചതിനെ തുടർന്ന് ജനുവരി മുതൽ ചികിത്സയിലായിരുന്നു. 92 വയസ്സായിരുന്നു അവർക്ക്.

ഞായറാഴ്ചയും തിങ്കളാഴ്ചയും രണ്ട് ദിവസത്തെ സംസ്ഥാന ദുഃഖാചരണം നടത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക്ഷൻ 25 പ്രകാരം മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.