ന്യൂഡല്‍ഹി: ‘ക്രിക്കറ്റിന്റെ ദൈവം’ എന്ന് ഇന്ത്യക്കാർ വിശേഷിപ്പിക്കുന്ന സച്ചിൻ ടെൻഡുൽക്കർ രാജ്യസഭാ എംപി കൂടിയാണ്. സഭയിൽ ഹാജർ നില കുറഞ്ഞ എം.പിമാരില്‍ ഒരാളെന്ന് ആക്ഷേപം കേഴക്കുന്നയാൾ കൂടിയാണ് സച്ചിന്‍. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ റെയില്‍വേ മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും ശ്രദ്ധിച്ചിരുന്നുവെങ്കില്‍ മുബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ വലിയ അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് രേഖകൾ കാണിക്കുന്നത്.

ഇത്രയും തിരക്കേറിയ ഒരു റെയില്‍വേ സ്റ്റേഷനില്‍ ദുരന്തം മുന്നില്‍ കണ്ട് മറ്റൊരു നടപ്പാത കൂടി പണിയണമെന്ന് 2016 ല്‍ സച്ചിന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേവര്‍ഷം ആഗസ്ത് മാസത്തില്‍ സച്ചിന്റെ ആവശ്യത്തിന് റെയില്‍വേ നല്‍കിയ മറുപടിയില്‍ എല്‍ഫിന്‍സ്റ്റണ്‍ അടക്കമുള്ള അഞ്ച് റെയില്‍വേ സ്റ്റേഷനില്‍ മേല്‍പ്പാലം പണിയാന്‍ തുക അനുവദിച്ചതായും അറിയിച്ചിരുന്നു. പക്ഷെ വാക്കുകള്‍ ചുവപ്പ് നാടയില്‍ കുടുങ്ങിയതല്ലാതെ ഒന്നും നടന്നില്ല. ഒടുവില്‍ റെയില്‍വേ മന്ത്രാലയം സച്ചിന് മറുപടി നല്‍കി കൃത്യം ഒരു വര്‍ഷം കൂടി പിന്നിട്ടപ്പോള്‍ ആ ദുരന്തം സംഭവിക്കുകയും ചെയ്തു. 24 പേര്‍ ദുരന്തത്തില്‍ പെട്ട് ഞെരിഞ്ഞരഞ്ഞ് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പുറമെ ശിവസേന എം.പി അരവിന്ദ് സാവന്ത് അടക്കമുള്ളവരും നടപ്പാലത്തിന്റെ അവസ്ഥയെക്കുറിച്ച്‌ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു 11.86 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും നിര്‍മ്മാണം മാത്രം നടന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ