ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി ലക്ഷക്കണക്കിന് പേരാണ് യാത്ര ചെയ്യാനായി ട്രെയിനുകളെ ആശ്രയിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ വളരെ വേഗത്തില്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ സഹായിക്കുന്നത് കൊണ്ട് തന്നെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഓരോ വര്‍ഷവും ഉണ്ടാവുന്നത്. എന്നാല്‍ മറ്റ് ചിലര്‍ക്ക് ട്രെയിനിലെ സാധനങ്ങളോടാണ് പ്രിയം.

ടോയ്‌ലറ്റ് കപ്പ് മുതല്‍ സീലിങ് ഫാന്‍ വരെയുളള സാധനങ്ങളാണ് ട്രെയിനുകളില്‍ നിന്ന് കളവ് പോകുന്നത്. പുതപ്പുകള്‍, തലയിണ, തലയിണയുടെ കവര്‍ എന്നിവയൊക്കെയാണ് ചില യാത്രക്കാര്‍ തങ്ങളുടെ ബാഗുകളിലാക്കി പോകുന്നത്.

2017-18 കാലയളവില്‍ കാണാതായ 2.97 കോടിയുടെ സാധനങ്ങള്‍ റെയില്‍വെ കണ്ടെത്തിയിരുന്നു. ഷവറുകള്‍, ജനാലയുടെ ഇരുമ്പഴി, റെയിൽവേ ട്രാക്കിന്റെ ഭാഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു മോഷണം പോയിരുന്നത്. വെസ്റ്റേണ്‍ റെയിൽവേയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1.95 ലക്ഷം ടവലുകളാണ് ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്ന് മാത്രം കാണാതായത്. കൂടാതെ 81,736 കിടക്കവിരികളും കാണാതായി. 55,573 തലയിണ കവറുകളും 5,038 തലയിണകളും, 7,043 പുതപ്പുകളും യാത്രക്കാര്‍ കൂടെ കൊണ്ടു പോയി.

ട്രെയിനിന്റെ ടോയ്‌ലറ്റുകളില്‍ തൂക്കിയിട്ട 200 കപ്പുകള്‍ കളവ് പോയി. ഓരോ വര്‍ഷവും 1000 ടാപ്പുകളും 300 ഫ്ലഷ് പൈപ്പുകളും കളവ് പോകുന്നുണ്ടെന്നും റെയില്‍വേയുടെ കണക്കുകളില്‍ വ്യക്തമാക്കുന്നു. കോച്ചുകളിൽ പൊലീസ് ഉണ്ടായിട്ടും കള്ളന്മാർ വിലസുന്നുണ്ട്. യാത്രക്കാര്‍ തന്നെ സാധനങ്ങള്‍ കവരുമ്പോള്‍ പൊലീസിനും തിരിച്ചറിയാന്‍ കഴിയാറില്ല. റെയിൽവേ പൊലീസിലെ ആൾക്ഷാമം കാരണം ലോക്കൽ പൊലീസിന്റെ സേവനംകൂടി ഇപ്പോൾ റെയിൽവേക്ക് ലഭ്യമാണ്. എന്നാൽ ഇങ്ങനെ നിശ്ചയിക്കുന്നതിൽ മുഴുവൻ പേരും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ