മൊസൂള്‍: ‘പ്രിയ്യപ്പെട്ട കുടുംബാംഗങ്ങള്‍ക്ക്, എന്നോട് ക്ഷമിക്കണം. നിങ്ങളോട് എന്നെ വിവാഹം കഴിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിങ്ങള്‍ എന്ന വിവാഹം കഴിപ്പിച്ച് അയച്ചില്ല. എന്നാല്‍ ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ സ്വര്‍ഗത്തില്‍ 72 കന്യകകളെ വിവാഹം ചെയ്യും’. ഇറാഖിലെ കിഴക്കന്‍ നഗരമായ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലന ക്യാംപില്‍ സൈന്യം നടത്തിയ ഓപ്പറേഷന് ശേഷം അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്സ് കണ്ടെത്തിയ ഒരു കത്താണിത്.

കത്തെഴുതിയത് 15കാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന അല അബ്ദ് അല്‍ അക്കീദിയും. ഇറാഖ് സുരക്ഷാസേനയെ ലക്ഷ്യമിട്ട് ചാവേറായി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ബാലന്‍ എഴുതിയതാണീ കത്തെന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പടിഞ്ഞാറേ മൊസൂളില്‍ താമസക്കാരായ കുട്ടിയുടെ മാതാപിതാക്കളുടെ വിലാസവും എഴുതിയ കവറിനകത്താണ് കത്തുണ്ടായിരുന്നത്. എന്നാല്‍ കത്ത് ബന്ധുക്കളുടെ കൈയില്‍ എത്താതെ ഐഎസ് പരിശീലന ക്യാംപില്‍ മറ്റ് ചാവേറുകളുടെ കത്തുകള്‍ക്കൊപ്പമാണ് അക്കീദിയുടെ കത്തും ഉണ്ടായിരുന്നത്. സൈന്യം കണ്ടെത്തിയ മറ്റൌരു രേഖയില്‍ പുതുതായി ഭീകരവാദസംഘടനയില്‍ ചേര്‍ന്ന അമ്പതോളം പേരുടെ വിവരങ്ങളും എഴുതിവെച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും 20 വയസ്സിന് താഴെ ആണെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.

ഭീകരസംഘടനയായ ഐഎസ് കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് ജിഹാദിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് മൊസൂളിലെ സ്ഥിരം സംഭവമാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ നിരവധി കുട്ടികളെയാണ് ഐഎസ് പരിശീലനം നല്‍കി ഭീകരവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയുടെ പിന്തുണയോടെ ഐഎസിനെതിരെ പോരാടുന്ന ഇറാഖ് സൈന്യത്തെ നേരിടാന്‍, ഭീകരവാദസംഘടന മുഖ്യമായും ഉപയോഗിക്കുന്നത് കുട്ടികളെയാണ്. കുട്ടികളെ എളുപ്പത്തില്‍ വരുതിയില്‍ ആക്കാന്‍ കഴിയുമെന്നതിനാലും, കുട്ടികള്‍ ചാവേറാകുമ്പോള്‍ സൈന്യം സംശയിക്കില്ല എന്നതിനാലുമാണ് ഐഎസ് കുട്ടികളെ കരുവാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook