ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ അനുവദിച്ച വായ്പകൾ തിരിച്ചടയ്ക്കുന്നതിന് ഓപ്ഷണൽ മൊറട്ടോറിയം ഉപയോഗിച്ച് വായ്പക്കാരെ അവരുടെ ഇഎംഐ ഭാരം ലഘൂകരിക്കാൻ സഹായിക്കുന്നതിന് സുപ്രീം കോടതി സർക്കാരിന് രണ്ടാഴ്ച കൂടി സമയം നൽകി.

“രണ്ടാഴ്ചയ്ക്കുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നത്? … ഞങ്ങൾ കേന്ദ്രത്തിന് സമയം നൽകുന്നു, പക്ഷേ വ്യക്തമായ തീരുമാനം എടുക്കണം,” സുപ്രീം കോടതി മൂന്നംഗ ബഞ്ച് പറഞ്ഞു.

കേന്ദ്രത്തിനും റിസർവ് ബാങ്കിനും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പദ്ധതിയുമായി വരാനുള്ള അവസാന അവസരമാണിതെന്ന് കേസ് ഇനിയും മാറ്റിവയ്ക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി പറഞ്ഞു.

മൊറട്ടോറിയം കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എടുക്കേണ്ടത് ബാങ്കേഴ്സ് അസോസിയേഷനെന്ന് കേന്ദ്രസർക്കാർ വാദിച്ചു. അതല്ല, മൊറട്ടോറിയത്തിലും പിഴപ്പലിശയിലും അന്തിമതീരുമാനം കേന്ദ്രസർക്കാരിന്‍റേതാണെന്ന് ബാങ്കേഴ്സ് അസോസിയേഷനും സുപ്രീംകോടതിയിൽ വാദിച്ചു. അന്തിമതീരുമാനം ആരുടേതെന്ന കാര്യത്തിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ കേസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. കേസ് സെപ്റ്റംബർ 28-ലേക്ക് മാറ്റിയിട്ടുണ്ട്

Read More: കോവിഡ് കാല ബാങ്ക് വായ്പ മൊറട്ടോറിയം ഓഗസ്റ്റ് 31ന് അവസാനിക്കും

മൊറട്ടോറിയം കാലാവധി നീട്ടുന്നതിനെക്കുറിച്ചും പിഴപ്പലിശ ഈടാക്കുന്നതിനെക്കുറിച്ചും ബാങ്കുകളുമായി ചർച്ച നടന്നുവരികയാണെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കാൻ രണ്ടാഴ്ച വേണമെന്നും, അതിനാൽ അത് വരെ കേസ് നീട്ടി വയ്ക്കണമെന്നുമായിരുന്നു സോളിസിറ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടത്.

മൊറട്ടോറിയം കാലവധി അവസാനിച്ച ഓഗസ്റ്റ് 31ന് ശേഷം തിരിച്ചടയ്ക്കാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. മൊറട്ടോറിയം കാലവധി രണ്ടു വര്‍ഷം വരെ നീട്ടാനുള്ള വഴി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച സ്കീമില്‍ ഉണ്ടെന്നും പലിശ പൂര്‍ണമായും ഒഴിവാക്കുക പ്രയാസമാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook