കഠ്മണ്ഡു: നേപ്പാളിലെ മസ്താങ് ജില്ലയിലെ മലനിരകളിൽ തകർന്നുവീണ താര എയർ വിമാനത്തിൽ ഉണ്ടായിരുന്ന അവസാന യാത്രക്കാരന്റെയും മൃതദേഹം കണ്ടെടുത്തു. വിമാനത്തിൽ ഉണ്ടായിരുന്ന നാല് ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരുടെ മൃതദേഹം കണ്ടെത്തിയതായി നേപ്പാൾ സൈന്യം അറിയിച്ചു.
ഇന്നലെ രാത്രിയോടെ 21 മൃതദേഹങ്ങൾ കണ്ടെടുത്ത ശേഷം അവസാന മൃതദേഹത്തിനായി ഇന്ന് രാവിലെയാണ് തിരച്ചിൽ ആരംഭിച്ചത്. ഞായറാഴ്ചയാണ് മസ്താങ് ജില്ലയിലെ തസാങ് മേഖലയിലാണ് താര എയറിന്റെ 9എന്‍-എഇടി ഇരട്ട എന്ജിന് വിമാനം തകര്‍ന്നുവീണത്. കാഠ്മണ്ഡുവില്‍നിന്ന് 200 കിലോമീറ്റര്‍ (125 മൈല്‍) കിഴക്കുള്ള വിനോദസഞ്ചാര നഗരമായ പൊഖാറയില്‍നിന്ന് പര്‍വത നഗരമായ ജോംസോമിലേക്കു പറക്കുന്നതിനിടെ വിമാനം കാണാതാവുകയായിരുന്നു പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്.
“അവസാനത്തെ മൃതദേഹം കണ്ടെടുത്തു. അവസാനം കണ്ടെടുത്ത 12 മൃതദേഹങ്ങൾ വിമാനം തകർന്നുവീണ സ്ഥലത്ത് നിന്ന് കാഠ്മണ്ഡുവിലേക്ക് കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു,” നേപ്പാൾ ആർമി വക്താവ് ബ്രിഗേഡിയർ ജനറൽ നാരായൺ സിൽവാൾ ട്വീറ്റ് ചെയ്തു.
“ഇന്ന് (ചൊവ്വാഴ്ച) രാവിലെ തിരച്ചിൽ ആന്റ് റെസ്ക്യൂ ടീം ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ, അപകടസ്ഥലത്ത് നിന്ന് 22 മൃതദേഹങ്ങളും കണ്ടെടുത്തു,” നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് ദിയോചന്ദ്ര ലാൽ കർണ പറഞ്ഞു. പത്ത് മൃതദേഹങ്ങൾ മലമുകളിൽ നിന്ന് ക്യാമ്പ് ഏരിയയിലേക്ക് മാറ്റിയതായും ഇതോടെ അപകടത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരുടെ മരണം സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.
അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ബന്ദേക്കർ (ത്രിപാഠി), അവരുടെ മക്കളായ ധനുഷ്, റിതിക എന്നിവരാണ് നാല് ഇന്ത്യക്കാർ എന്ന് താര എയർലൈൻസ് വ്യക്തമാക്കി. മുംബൈ താനെ സ്വദേശികളാണ് ഇവർ. വിവാഹബന്ധം വേര്‍പിരിഞ്ഞ അശോകും വൈഭവിയും രണ്ടു മക്കള്‍ക്കൊപ്പം ജോംസോം വിമാനത്താവളത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള വൈഷ്ണവ തീര്‍ഥാടന കേന്ദ്രമായ മുക്തിധാം ക്ഷേത്രം സന്ദര്‍ശിക്കാനാണു നേപ്പാളിലെത്തിയതെന്നാണ് താനെ പൊലീസ് പറയുന്നത്. ഇവരെ കൂടാതെ രണ്ട് ജര്‍മന്‍കാർ ഉള്‍പ്പെടെ ആറ് വിദേശികളാണ് വിമാനത്തിലുണ്ടായിരുന്നത്.
20 മിനുട്ടുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തേണ്ട വിമാനം ലാന്‍ഡിങ്ങിന് അല്‍പ്പസമയം മുന്‍പാണ് അപകടത്തില്‍ പെട്ടത്. പൊഖാറയില്‍നിന്ന് പ്രാദേശിക സമയം രാവിലെ 9:55നു പുറപ്പെട്ട വിമാനത്തില്‍നിന്നു 10:07 നാണ് അവസാന സിഗ്നല്‍ ലഭിച്ചതെന്നാണു വിമാനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഫ്ളൈറ്റ് റഡാര്‍ 24.കോം പറയുന്നത്. ഈ സമയം 12,825 അടി (3,900 മീറ്റര്‍) ഉയരത്തിലായിരുന്നു വിമാനം. ആഴത്തിലുള്ള നദീതടങ്ങളും പര്വതനിരകളുമുള്ളതാണ് വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന ജോംസോം മേഖല.
വിമാനത്തിലുണ്ടായിരുന്ന മറ്റു 16 പേരില്‍ 13 പേര് നേപ്പാള്‍ സ്വദേശികളും മൂന്നു പേര് പൈലറ്റ് പ്രഭാകര്‍ ഗിമിയര്‍ ഉള്‍പ്പെടെയുള്ള ക്രൂ അംഗങ്ങളുമായിരുന്നു. പര്‍വത മേഖലകളില്‍ പറക്കുന്നതില്‍ ദീര്‍ഘകാല പരിചയമുള്ള നേപ്പാളിലെ ഏറ്റവും മുതിര്‍ന്ന വൈമാനിക പരിശീലകരില്‍ ഒരാളാണ് പ്രഭാകര്‍.
Also Read: കാശിയിലും മഥുരയിലും ബിജെപിക്ക് അജണ്ടയില്ല, കോടതിയും ഭരണഘടനയും തീരുമാനിക്കും: നഡ്ഡ