ശ്രീനഗർ: കാശ്മീർ താഴ്‌വരകളിൽ ഇന്ത്യൻ സൈന്യവും വിഘടനവാദികളും തമ്മിൽ സംഘർഷം പുകയുന്നതിനിടെ വീണ്ടും ലഷ്കർ ഇ തോയിബ കമ്മാന്റർ കൊല്ലപ്പെട്ടു. ഇന്നലെ അനന്ത്നാഗിൽ കൊല്ലപ്പെട്ട രണ്ട് ഭീകരിൽ ഒരാൾ ലഷ്കർ കമ്മാന്ററായ ബഷീർ അഹമ്മദ് വാണിയാണെന്ന് ഇന്ന് രാവിലെയാണ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസം അനന്ത്നാഗിൽ ആറ് സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ സൂത്രധാരൻ ബഷീറാണെന്നാണ് സംശയം. ഇതോടെ മാസങ്ങൾക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ലഷ്കർ ഇ തോയിബ കമ്മാന്ററാണ് ബഷീർ അഹമ്മദ് വാണി. കഴിഞ്ഞ മാസം മുൻ കമാന്റർ സബ്സർ അഹമ്മദ് ഭട്ടും ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചിരുന്നു.

എന്നാൽ താഴ്‌വരകളിൽ ഗ്രാമവാസികൾ വലിയ തോതിൽ വിഘടനവാദികൾക്ക് പിന്തുണ നൽകുന്നുണ്ട്. സൈന്യത്തിന് ഇത് വലിയ തലവേദന സൃഷ്ടിക്കുകയാണ്. ബഷീർ അഹമ്മദ് വാണിയെയും കൂട്ടാളിയും പിടികൂടാൻ ശ്രമിക്കുന്നതിനിടെ താഹിറ ബീഗം(43), അഹമ്മദ് ചോപൻ(21) എന്നിവർ ഇന്നലെ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചിരുന്നു.

സൈന്യം നടത്തിയ വെടിവയ്പ്പിലും പെല്ലറ്റാക്രമണത്തിലും 30 ഓളം ഗ്രാമവാസികൾക്ക് പരിക്കേറ്റിരുന്നു. വിഘടനവാദികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇത്രയധികം പേർക്ക് പരിക്കേറ്റത്. സൈന്യത്തെ തടയാനും വിഘടനവാദികൾക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനും വേണ്ടി ഗ്രാമവാസികൾ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന് നേരെ ശക്തമായ വെടിവയ്പ്പാണ് സൈന്യം നടത്തിയത്.

വെടിവയ്പ് നടന്ന സ്ഥലത്ത് നിന്നും അഞ്ച് കിലോമീറ്റർ മാറി മറ്റൊരിടത്ത് ബഷീർ അഹമ്മദ് വാണിക്കായി സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ ഈ സമയത്താണ് ഇയാൾ അനന്ത്നാഗിലെ ഒരു വീട്ടിലുണ്ടെനന്ന് വിവരം ലഭിച്ചത്. ഇതേ തുടർന്ന് സൈന്യം ഇവിടേക്ക് എത്തിയപ്പോഴായിരുന്നു ഗ്രാമവാസികൾ മാർച്ച് സംഘടിപ്പിച്ചത്. ഇതിനിടയിലൂടെ ഭീകരരെ ഇവിടെ നിന്ന് മാറ്റാനായിരുന്നു ശ്രമം. എന്നാൽ സൈന്യം ഈ ശ്രമത്തെ പരാജയപ്പെടുത്തി. കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ അബു മാസ് പാക്കിസ്ഥാൻ സ്വദേശിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ