കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കും: കേന്ദ്ര വ്യോമയാന മന്ത്രി

2020 ഓഗസ്റ്റില്‍ നടന്ന വിമാനാപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു

Karipur Airport
Photo: Wikipedia/ Barimds

ന്യൂഡല്‍ഹി: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി മന്ത്രി വി. അബ്ദുറഹ്മാന്‍ ചര്‍ച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചതായി കേന്ദ്ര മന്ത്രി അറയിച്ചു.

സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഹജ്ജ് തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങൾ ധരിപ്പിക്കുന്നതിനാണ് സംസ്ഥാനത്തെ ഹജ്ജ് ചുമതലയുള്ള മന്ത്രി അബ്ദുറഹ്മാൻ കേന്ദ്ര മന്ത്രിയെ സന്ദർശിച്ചത്.

2020 ഓഗസ്റ്റില്‍ നടന്ന വിമാനാപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് വിമാനത്താവളത്തിന്റെ വരുമാനത്തെ വലിയതോതിൽ ബാധിച്ചു.

കോഴിക്കോടിനെ ഈ വർഷം ഹജ്ജ് എംബാർക്കേഷൻ പോയിന്റായി പരിഗണിക്കുക പ്രയാസമാണെങ്കിൽ കണ്ണൂർ വിമാനത്താവളത്തെ ഈ വർഷം തൽക്കാലം പരിഗണിക്കണമെന്ന നിർദ്ദേശത്തോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചതായി മന്ത്രി അറിയിച്ചു.

കണ്ണൂരിൽ നിന്നുള്ള ഹജ്ജ് സർവീസിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വലിയ വിമാനങ്ങൾ ഉപയോഗിക്കാം. കോഴിക്കോട് വിമാനത്താവള വികസനം നടപ്പാക്കാനുള്ള നിർദേശവും മുന്നോട്ടുവച്ചു. അതിനായി 284 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇക്കാര്യവും പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും അബ്ദുറഹ്മാന്‍ വ്യക്തമാക്കി.

ഹജ്ജ് തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയെയും മന്ത്രി സന്ദർശിച്ചു. സംസ്ഥാനത്തെ 80 ശതമാനം ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ പോയിന്റായി നിശ്ചയിക്കണമെന്ന് നഖ്വിയോട് മന്ത്രി ആവശ്യപ്പെട്ടു.

ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നത് കോഴിക്കോടാണ്. ഹജ്ജ് തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് കോഴിക്കോടുള്ളത്. അതിനാൽ കോഴിക്കോടിനെ സ്ഥിരം എംബാർക്കേഷൻ പോയിന്റായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് അബ്ദുറഹ്മാന്‍ കത്ത് നൽകി.

Also Read: മഴ ശക്തമായി തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Large aircraft service to restart from karipur international airport

Next Story
ഇന്ത്യ-ചൈന അതിർത്തി തർക്കം: പെട്ടെന്നുള്ള പ്രശ്നപരിഹാരത്തിന് ചർച്ചയിൽ ധാരണIndo China
The moderation of comments is automated and not cleared manually by malayalam.indianexpress.com