/indian-express-malayalam/media/media_files/uploads/2022/07/Gotabaya-Rajapaksa-.jpg)
കൊളംബോ: സാമൂഹ്യപ്രവര്‍ത്തകരുടെ തിരോധാന കേസില്‍ കോടതിയില്‍ ഹാജരാകാന്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സയ്ക്ക് സമന്‍സ് അയയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. 2011 ല്‍ രണ്ട് സാമൂഹ്യപ്രവര്‍ത്തകരെ കാണാതായ സംഭവത്തിലാണ് രാജപക്സയ്ക്ക് സമന്‍സ് അയയ്ക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയത്.
ജാഫ്നയിലെ വടക്കന്‍ ജില്ലയില്‍ രണ്ട് സാമൂഹ്യ പ്രവര്‍ത്തകരായ ലളിത് വീരരാജ്, കുഗന്‍ മുരുകാനന്ദന്‍ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലാണ് രാജപക്സയ്‌ക്കെതിരെയുള്ള നടപടി. 12 വര്‍ഷം മുമ്പ് രാജ്യത്തെ ആഭ്യന്തരയുദ്ധം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് തിരോധാനങ്ങള്‍ നടന്നത്. രാജപക്സ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരിക്കെയാണ് സംഭവം. അക്കാലത്ത് വിമതരെയും വിമര്‍ശനാത്മക പത്രപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന് ഗോട്ടബയ രാജപക്സ മേല്‍നോട്ടം വഹിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആരോപണം നിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
2018ല്‍ കോടതിയില്‍ ഹാജരാകാന്‍ രാജപക്സയെ ആദ്യം സമന്‍സ് അയച്ചപ്പോള്‍, കോടതിയില്‍ ഹാജരാകാന്‍ ജാഫ്നയിലേക്ക് പോയാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് കാണിച്ച് അദ്ദേഹം അപ്പീല്‍ നല്‍കുകയായിരുന്നു. രാജപക്സ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാലും രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയില്‍ നിയമപരമായ രക്ഷാധികാരമുള്ളതിനാലും അദ്ദേഹത്തെ കോടതിയിലേക്ക് വിളിപ്പിക്കാനാവില്ലെന്ന് അപ്പീല്‍ കോടതി പിന്നീട് വിധിച്ചു.
രജപക്സെയ്ക്ക് ഇപ്പോള്‍ ഭരണഘടനാപരമായ അധികാരം നഷ്ടപ്പെട്ടതിനാല്‍, കേസ് പരിഗണിക്കുന്ന ഡിസംബര്‍ 15 ന് ഹാജരാകാന്‍ അദ്ദേഹത്തിന് സമന്‍സ് അയയ്ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ശ്രീലങ്കയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് ചൂണ്ടികാട്ടി ജനകീയ പ്രക്ഷോഭം നടക്കുകയും രാജപക്സ പദവിയില്‍ നിന്ന് പുറത്താക്കപ്പെടുകയുമായിരുന്നു. ജൂലൈ പകുതിയോടെ അദ്ദേഹം മാലിദ്വീപിലേക്ക് ഒളിച്ചോടുകയും സിംഗപ്പൂരില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.