മൂന്നാർ: പരിസ്ഥിതിലോല പ്രദേശമായ പള്ളിവാസലിലെ ടണലിനു സമീപം പാറവീണ് മൂന്ന് വാഹനങ്ങൾ തകർന്നു. 2000 അടി ഉയരത്തിൽ നിന്നുമാണ് പാറവീണത്. തിങ്കളാഴ്ച രാത്രി 11.30 നാണ് സംഭവം.
എന്നാല്‍ വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു ഡ്രൈവർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കരിമ്പൻ സ്വദേശി ജെ.ബിനോയി ( 40 ), പട്ടാമ്പി സ്വദേശി സി.വി. ഷെമിൻ ( 30 ), പാലക്കാട് സ്വദേശി റ്റി.ജെ. മോൻസൺ ( 49 ) എന്നിവരാണ് അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

ഇവിടെ പ്രവർത്തിക്കുന്ന റിസോർട്ടിൽ സഞ്ചാരികളുമായെത്തിയ വാഹനങ്ങളാണ് തകർന്നത്. പള്ളിവാസൽ പവർഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലുകൾക്ക് മുകളിൽ നിന്നുമാണ് വലിയ പാറ ഉരുണ്ടു വന്നത്. വാഹനങ്ങൾ തകർത്ത ശേഷം റിസോർട്ടിന്റെ സംരക്ഷണഭിത്തി തകർത്ത് താഴെയുണ്ടായിരുന്ന കോൺക്രീറ്റ് കെട്ടിലും, മരത്തിലും ഇടിച്ചാണ് നിന്നത്. പാറ തട്ടി നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. പാറവീണ് ഇതുവഴി ഉണ്ടായിരുന്ന റോഡും തകർന്നു. ദേവികുളം സബ്ബ് കലകടർ ശ്രീറാം വെങ്കിട്ട് റാം, തഹസിൽദാർ പി.കെ. ഷാജി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

പരിസ്ഥിതി ലോല പ്രദേശമായ ഈ മേഖലയിൽ നടന്ന അനധികൃത റിസോർട്ട് നിർമ്മാണങ്ങളും, മണ്ണെടുപ്പും, പാറപൊട്ടിക്കലും മൂലമാണ് ഇത്തരം അപകടമുണ്ടാക്കുവാൻ കാരണമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തേ നിയമസഭാ പരിസ്ഥിതി സമിതി ഇവിടെ സന്ദര്‍ശിച്ച് അനധികൃത റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ