തേറ്റമല(മാനന്തവാടി): മുത്തങ്ങയുടെ വാർഷിക ദിനത്തിൽ രണ്ടായി അനുസ്‌മരണം. ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയുടെ ഭാഗമായി മാറിയ സി കെ. ജാനുവിന്റെ നേതൃത്വത്തിൽ ഒന്നും എം ഗീതാനന്ദന്റെ നേതൃത്വത്തിൽ മറ്റൊരു അനുസ്‌മരണവുമാണ് നടന്നത്. ഗീതാനന്ദന്റെ നേതൃത്വത്തിലുളള ഗോത്രമഹാസഭ കലക്ടറേറ്റിന് മുന്നിൽ റാലിയും നിൽപ്പ് സമരവും ശനിയാഴ്ച നടത്തി.

ഞായറാഴ്ച തേറ്റമല എസ്റ്റേറ്റിൽ മുത്തങ്ങിയിൽ നിന്നും കുടിയറിക്കപ്പെട്ട 28 പേർക്ക് നൽകിയ ഭൂമിയിൽ പ്രവേശിച്ചു പ്രതീകാത്മകമായി കുടിൽ കെട്ടി.മുത്തങ്ങിയിൽ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ട ഗോത്രമഹാസഭ പ്രവർത്തകനായിരുന്ന ജോഗിയുടെ മകൻ ശിവനാണ് തേറ്റമല എസ്റ്റേറ്റിലെ പ്രതീകാത്മക സമരത്തിന് തുടക്കം കുറിച്ചത്. ഗോത്രപൂജയ്ക്ക് തിരി തെളിച്ച് കുടിൽ​കെട്ടി.

ഇവിടെ ഭൂമി ലഭിച്ച 28 കുടുംബങ്ങളും ഗോത്രമഹാസഭാ പ്രവർത്തകരും ഇവിടെയെത്തിയിരുന്നു. പ്രതീകാത്മക സമരത്തിനു ശേഷം ജോഗി അനുസ്‌മരണം നടന്നു. എം ഗീതാനന്ദൻ അനുസ്‌മരണ പ്രഭാഷണം നടത്തി.മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ട എഴുന്നൂറിലേറെ പേരിൽ 285 പേർക്കു മാത്രമാണ് പതിനാല് വർഷത്തിനിടിയിൽ സർക്കാർ ഭൂമി അനുവദിച്ചിട്ടുളളത്. ഒരേക്കർ ഭൂമി വീതമാണ് ഇവർക്ക് നൽകിയത് എന്നാൽ ഇവിടെ ഇതുവരെ വാസയോഗ്യമാക്കിയിട്ടില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്ക് ഭൂമി നൽകുന്നിതനായുളള രണ്ടാംഘട്ട ലിസ്റ്റിന് അംഗീകാരം നൽകുക, പട്ടയം നൽകിയ മുഴുവൻ കുടുംബങ്ങളെയും കുടിയിരിത്തുക , മുത്തങ്ങയിൽ നിന്നും കുടിയറക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുക, തൊഴിൽ രഹിതരായ ആദിവാസികൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ശനിയാഴ്ച വയനാട് കലക്ടറേറ്റിലേയ്ക്ക് റാലിയും നിൽപ്പ് സമരവും നടത്തി.

എം. ഗീതാനന്ദൻ, സി ജയകുമാർ ,പി എം വിനോദ്, സി ജെ തങ്കച്ചൻ കുഞ്ഞമ്മ മൈക്കിൾ, സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഭൂ രഹിതർക്ക് ഭൂമി കൊടുക്കുന്നിതിൽ നിന്നും സർക്കാർ പിന്നോട്ടടിച്ചാൽ മാർച്ച് പത്ത് മുതൽ വയനാട് കലക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാലനിൽപ്പ് സമരം ആരംഭിക്കുമെന്ന് ഗീതാനന്ദൻ പറഞ്ഞു.

ജാനുവും പതിനഞ്ചോളംകുടുബങ്ങളും വാളാട് കുടിൽ കെട്ടി സമരം ആരംഭിച്ചു. നേതാക്കൾ രണ്ടായാലും ആദിവാസികൾ ഒറ്റക്കെട്ടാണെന്ന് ജാനു മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ