പട്‌ന: ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഒരു ‘മുഖ’ത്തിനും ബിഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് എഴുതിയാണ് പട്നയിലെ ഗാന്ധി മൈതാനിൽ ബിജെപി വിരുദ്ധ മഹാറാലിയുടെ ചിത്രം ലാലു ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എണ്ണാമെങ്കില്‍ എണ്ണിക്കോളൂ എന്ന് ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ട്വിറ്ററിൽ റീട്വീറ്റുകൾ നിറയാൻ തുടങ്ങി.

ഫോട്ടോഷോപ് ചെയ്ത ചിത്രമാണ് ലാലു ട്വിറ്ററിൽ പോസ്റ്റ് ചെയ്തതെന്നായിരുന്നു പല ട്വീറ്റുകളും. ചിലർ ഫോട്ടോഷോപ് ചെയ്ത ഭാഗം ചുവന്ന മാർക്കിൽ അടയാളപ്പെടുത്തിയാണ് റീട്വീറ്റ് ചെയ്തത്. ഇതിലും നന്നായി ലാലുജിക്ക് ഞാൻ ഫോട്ടോഷോപ് ചെയ്തു തരുമെന്നായിരുന്നു ഒരു ട്വീറ്റ്. റാലിയുടെ യഥാർഥ ചിത്രം വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘ബിജെപിയെ ഓടിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് റാലി സംഘടിപ്പിച്ചത്. റാലിയിൽ പങ്കെടുത്താൽ, ശരത് യാദവിനെ അയോഗ്യനായി പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഔദ്യോഗിക വിഭാഗം അറിയിച്ചിരുന്നെങ്കിലും അത് അവഗണിച്ചാണ് അദ്ദേഹം റാലിക്കെത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവരും ലാലുവിന്റെ റാലിയില്‍ പങ്കെടുക്കാനെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ