ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ വിധി ഇന്ന്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കോടികളുടെ അഴിമതി ആരോപിക്കപ്പെടുന്ന കാലിത്തീറ്റ കുംഭകോണ കേസിൽ വിധി പറയുക. ആദര്‍ശ് അഴിമതി കേസിലെ അശോക്‌ ചവാനും 2ജി അഴിമതികേസിലെ കുറ്റാരോപിതര്‍ക്കും ശേഷം കോടതിവിധി തന്നെയും തുണയ്ക്കും എന്ന പ്രതീക്ഷയിലാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.

നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വിധി എന്തായാലും ബീഹാറിലെ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ” ഞങ്ങള്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കുകയും അതില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നു. അത് ബിജെപിയുടെ ഗൂഢാലോചനയ്ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. 2ജി കേസിലും അശോക്‌ ചവാന്റെ കേസിലും സംഭവിച്ചത് തന്നെയാണ് ഞങ്ങളുടെ കേസിലും സംഭവിക്കാന്‍ പോകുന്നത്.” അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം മേയില്‍ കാലിത്തീറ്റ കുംഭകോണകേസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ സിബിഐക്കെതിരെ സുപ്രീംകോടതി നടത്തിയ വിമര്‍ശനവും പ്രസക്തമാണ്. “സിബിഐ അതിന്‍റെ വിശ്വാസ്യതയ്ക്കനുസരിച്ച് ഉയരുന്നില്ല” എന്ന് പറഞ്ഞ കോടതി ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കേസില്‍ അപ്പീല്‍ പോകുന്നതില്‍ സിബിഐക്ക് ‘ദുസ്സഹമായൊരു മാന്ദ്യം’ ഉണ്ടായിരുന്നു എന്നും വിമര്‍ശിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1900-97 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരിരുന്ന കാലത്ത് ലാലുപ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ