പട്ന: ഭാര്യ ഐശ്വര്യ റായിയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ് പിന്‍വലിച്ചു. നവംബര്‍ രണ്ടിനായിരുന്നു അദ്ദേഹം പട്ന കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് നാടകീയമായി തേജ് ഹര്‍ജി പിന്‍വലിച്ചത്.

തന്റെ കുടുംബം പോലും ഐശ്വര്യയെ ആണ് പിന്തുണയ്ക്കുന്നതെന്നും തേജ് പറഞ്ഞിരുന്നു. എന്നാല്‍ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടർന്ന് ഐശ്വര്യയുമായി രമ്യതയില്‍ എത്തിയത് കാരണമാണ് ഹര്‍ജി പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പൊരുത്തപ്പെട്ട് പോവാന്‍ സാധിക്കുന്നില്ല എന്നാണ് ഹര്‍ജിയില്‍ തേജ് പരാമര്‍ശിച്ചിരുന്നത്. ‘മാനസികമായി പീഡിപ്പിക്കുന്നു’, തന്റെ വ്യക്തിത്വത്തെ കുറിച്ചും മതപരമായ താത്പര്യത്തെ കുറിച്ചും മോശമായി സംസാരിക്കുന്നു എന്നിവയും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹർജിയിൽ വാദം കേൾക്കാനായി ഇന്നേക്ക് കോടതി മാറ്റിയിരുന്നു.

2018 മേയ് 12നാണ് ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്‍റെ വിവാഹം നടന്നത്. ബിഹാർ മുൻ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ ചെറുമകളും മുൻ മന്ത്രിയും ആർജെഡി നേതാവുമായ ചന്ദ്രിക റായ് എംഎൽഎയുടെ മകളുമാണ് ഐശ്വര്യ റായ്.

ബിഹാറില്‍ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വിവാഹം ആഡംബരത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ബിഹാർ നിയമസഭയിൽ മഹുവാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് തേജ് പ്രതാപ് യാദവ്. നവംബർ 2015 മുതൽ ജൂലൈ 2017 വരെ ആരോഗ്യം, പരിസ്ഥിതി, ജലവിഭവ വകുപ്പു മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook