ന്യൂഡൽഹി: രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദിന്റെ ആരോഗ്യനില വഷളായെന്ന് ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോർട്ട്. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലുളള അദ്ദേഹത്തിന് അണുബാധയേറ്റതായാണ് ഡോക്ടർ വ്യക്തമാക്കിയത്.
കാലിത്തീറ്റ കുംഭകോണ കേസിൽ തടവിൽ കഴിയുകയാണ് മുൻ ബിഹാർ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ്. രോഗാതുരനായ അദ്ദേഹത്തെ കോടതി പൊലീസ് കാവലിൽ റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. “അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. നിൽക്കാനും ഇരിക്കാനും സാധിക്കാത്ത സ്ഥിതിയാണ്. രക്തത്തിലെ ഷുഗറിന്റെ അളവും ഉയർന്നിട്ടുണ്ട്,” ഡോക്ടർ ഉമേഷ് പ്രസാദ് പറഞ്ഞു.
ലാലു പ്രസാദിനെ മികച്ച സൗകര്യങ്ങളുളള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണം എന്നാണ് മസോറിയിൽ നിന്നുളള ആർജെഡി എംഎൽഎ രേഖ ദേവി ആവശ്യപ്പെട്ടത്. എന്നാൽ അത്തരമൊരു സാഹചര്യം ഇല്ലെന്ന് ഡോക്ടർ പറഞ്ഞു.
ലാലു പ്രസാദിനെ കാണാൻ ദിവസവും പ്രധാന നേതാക്കൾ ആശുപത്രിയിലേക്ക് എത്തുന്നുന്നുണ്ട്.