റാഞ്ചി: ജയിൽ ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം. ആരോഗ്യനില സാധാരണ നിലയിലല്ല എന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. കിഡ്‌നിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലല്ല എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

“കിഡ്‌നിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലല്ല. ചികിത്സ തുടരുകയാണ്. ആരോഗ്യനില സാധരണ നിലയിലല്ല എന്ന് മാത്രമാണ് ഇപ്പോള്‍ പറയാന്‍ സാധിക്കുന്നത്” ഡോ.ഉമേഷ് പ്രസാദ് പറഞ്ഞു. അദ്ദേഹത്തിന് മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Read Also:ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ

റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് 71 കാരനായ ലാലു പ്രസാദ് യാദവിന്റെ ചികിത്സകള്‍ നടക്കുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ 2017 ലാണ് ലാലു പ്രസാദ് യാദവിനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയവേ തന്നെ തനിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ജാമ്യത്തിനായി അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook