ന്യൂഡൽഹി: രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിയുടെ വസതിയിൽ എൻഫോഴ്‌സ്മെന്റ്റ് ഡയറക്ടറേറ്റ് റെയ്ഡ്. മിസയുടെ ഭർതൃ വസതിയിലും ഫാമിലും റെയ്ഡ് നടത്തി. ബെനാമി സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മിസ ഭാരതിയും ഭർത്താവ് സഹിലേഷ് കുമാറും ആരോപണം നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്നാണ് സൂചന.
ഇന്നലെ ലാലു പ്രസാദിന്റെ പട്‌നയിലെ വസതി ഉൾപ്പെടെ 12 സ്‌ഥലങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. റെയിൽവേ ഹോട്ടലുകൾ സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ലാലുവിന്റെ ഭാര്യ റാബ്രി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.. ഇതിനു പിന്നാലെയാണ് മകളുടെ വീട്ടിൽ എൻഫോഴ്‌സ്മെന്റ്റ് ഡയറക്ടറേറ്റ് ഇന്ന് റെയ്ഡ് നടത്തിയത്.
തനിക്കെതിരെ സിബിഐ ചുമത്തിയ അഴിമതിക്കേസ് ബിജെപി നടത്തുന്ന ഗൂഢാലോചനയാണെന്ന് റെയ്ഡിനു പിന്നാലെ ലാലു പ്രസാദ് യാദവ് ആരോപിച്ചിരുന്നു. 2004-09 കാലഘട്ടത്തില്‍ കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കെ ഐആര്‍സിടിസിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് ലാലുവിനെതിരായ ആരോപണം.