ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ രാഷ്ട്രീയ ജനതാ ദൾ നേതാവ് ലാലുപ്രസാദ് യാദവിനെതിരെ സുപ്രീം കോടതി വിധി. സിബിഐ സമർപ്പിച്ച ഹർജിയിലാണ് വിധി. ഇതുമായി ബന്ധപ്പെട്ട നാല് കേസുകളിൽ വെവ്വേറെ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഒരു കേസിൽ അഞ്ച് വർഷം കഠിനതടവ് അനുഭവിച്ചിരുന്നു. ഇതിനാൽ അനുബന്ധ  കേസുകളിൽ വിചാരണയും  തടവും വേണ്ടെന്ന ഝാർഖണ്ഡ് കോടതിയുടെ വിധിയാണ് സിബിഐ സുപ്രീം കോടതിയിൽ എതിർത്തത്. ഇതിനാണ് സുപ്രീം കോടതി അനുകൂല വിധി നൽകിയത്.

2013 ഒക്ടോബറിലാണ് ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം കഠിനതടവ് ലഭിച്ചത്. പിന്നീട് ഇദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു. ഇപ്പോൾ ജാമ്യ കാലാവധിയിലാണ് ലാലു പ്രസാദ് യാദവ്.  900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണത്തിൽ നടന്നത്. ഇതിൽ അഞ്ച് കേസുകളാണ് ലാലു പ്രസാദ് യാദവിനെതിരെ സിബിഐ ചുമത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ