റാഞ്ചി: ജയിൽശിക്ഷ അനുഭവിക്കുന്ന ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ലാലുവിന്റെ ആരോഗ്യനില ദിനംപ്രതി വഷളാകുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ലാലു ഇപ്പോൾ ഉള്ളത്.
Read Also: ബംഗാളുമായുള്ള പോര് പുതിയ തലത്തിലേക്ക്; മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രസര്‍വീസിലേക്കു മാറ്റി
“ലാലു പ്രസാദിന്റെ ആരോഗ്യനിലയെ കുറിച്ച് ഇപ്പോൾ എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണ്. ആരോഗ്യനില വളരെ ഗുരുതരാവസ്ഥയിലാണെന്ന് ഉന്നത അധികൃതരെ അറിയിച്ചിട്ടുണ്ട്. വൃക്കയുടെ പ്രവർത്തനം പൂർണമായും അവതാളത്തിലാണ്. ഇപ്പോൾ, 25 ശതമാനം മാത്രമാണ് വൃക്ക പ്രവർത്തിക്കുന്നത്. ഏത് സമയത്തും കൂടുതൽ വഷളാകാം,” ലാലുവിനെ ചികിത്സിക്കുന്ന ഡോ.ഉമേഷ് പ്രസാദ് പറഞ്ഞു.
കാലിത്തീറ്റ കുംഭകോണ കേസില്‍ 2017 ലാണ് ലാലു പ്രസാദ് യാദവിനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയവേ തന്നെ തനിക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ജാമ്യത്തിനായി അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, ലാലുവിന് ഇതുവരെ കോടതി ജാമ്യം അനുവദിച്ചില്ല.