ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതി കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ഡല്‍ഹി കോടതിയാണ് ജനുവരി 19 വരെ ലാലുവിന് ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ റാഞ്ചി ജയിലില്‍ കഴിയുന്ന ലാലുവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രത്യേക ജഡ്ജി അരുണ്‍ ഭരദ്വാജിന് മുമ്പാകെ ഹാജരാക്കിയത്.
സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച രണ്ടു കേസുകളിലാണ് ലാലുവിന് ഇടക്കാല ജാമ്യം ലഭിച്ചത്. അതേസമയം, കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിന് പുറത്തിറങ്ങാനാവില്ല. ജനുവരി 19ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
നേരത്തെ ഐആര്‍സിടിസി അഴിമതിക്കേസില്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവിക്കും മുന്‍ ഉപമുഖ്യമന്ത്രിയും മകനുമായ തേജസ്വി യാദവിനും ഡല്‍ഹി പട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം നല്‍കിയത്.
ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2004-ല്‍ ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോർപ്പറേഷന്റെ (ഐആര്‍സിടിസി) റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പു കരാര്‍ സുജാത ഹോട്ടല്‍സ് എന്ന സ്വകാര്യ കമ്പനിക്കു നല്‍കിയതിനു കൈക്കൂലിയായി പട്നയില്‍ ബിനാമി പേരില്‍ വന്‍ വിലയുള്ള മൂന്നേക്കര്‍ ഭൂമി ലഭിച്ചുവെന്നാണു കേസ്.
ലാലു തന്റെ പദവി ദുരുപയോഗം ചെയ്‌തെന്നും വിനയ് കോച്ചാറിന്റേയും വിജയ് കോച്ചാറിന്റേയും ഉടമസ്ഥതയിലുള്ള സുജാത ഹോട്ടല്‍സിനെ വഴിവിട്ടു സഹായിച്ചുവെന്നും ഇതിന് പ്രതിഫലമായി വലിയ തുക കൈപ്പറ്റിയെന്നും സിബിഐ ആരോപിക്കുന്നു. 2010നും 2014നും ഇടയിലുള്ള കാലയളവില്‍ കമ്പനിയുടെ ഉടമസ്ഥത റാബ്രിയ്ക്കും തേജസ്വിയ്ക്കും കൈമാറി.
ലാലുവിന്റെ കുടുംബത്തിന്റേത് എന്ന് പറയപ്പെടുന്ന, പട്നയിലെ 44.7 കോടി രൂപ വിലവരുന്ന മൂന്ന് ഏക്കര്‍ ഭൂമി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.