ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലും ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഈ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ജഗൻനാഥ് മിശ്രയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രണ്ടുപേർക്കും കോടതി 5 വർഷം തടവ് വിധിച്ചു. ഇതിനുപുറമേ 5 ലക്ഷം രൂപ പിഴയും നൽകണം.
വ്യാജ ബില്ലുണ്ടാക്കി ചായ്ബാസാ ട്രഷറിയില്‍ നിന്ന് 34 കോടിരൂപ തട്ടിയെടുത്തെന്നാണ് കേസ്. 1992-93 കാലഘട്ടത്തായിരുന്നു തട്ടിപ്പ് നടന്നത്. ലാലുവിനു പുറമേ ആർ.കെ.റാണ, വിദ്യാസാഗർ നിഷ, ധ്രുവ് ഭഗത്, മുൻ ചീഫ് സെക്രട്ടറി സജൽ ചക്രബോർതി, ഐഎഎസ് ഉദ്യോഗസ്ഥരായ ഫൂൽ ചന്ദ് സിങ്, മഹേഷ് പ്രസാദ് എന്നിവരും കുറ്റക്കാരെന്നു കോടതി വിധിച്ചു. കേസിൽ 56 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 6 പേരെ വെറുതെ വിട്ടു.
അതേസമയം, നിതീഷ് കുമാറിന്റെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് ലാലുവിന്റെ മകൻ തേജസ്വി യാദവ് പറഞ്ഞു. കാലിത്തീറ്റ കുംഭകോണ കേസിലെ മുഴുവൻ വിധിക്കെതിരെയും മേൽക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മൊത്തം ആറ് കേസുകളാണുളളത്. ആറ് കേസുകളിലായി 950 കോടിയുടെ അഴിമതിയാരോപണം ഉയർന്നത്. രണ്ടു കേസുകളിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ആദ്യ കേസിൽ ലാലുവിനെ 5 വർഷത്തെ തടവിന് വിധിച്ചിരുന്നു. രണ്ടാം കേസിൽ മൂന്ര വർഷം കഠിന് തടവിന് വിധിച്ചു. ബിർസ മുണ്ട ജയിലിൽ ആണ് ലാലു പ്രസാദ് യാദവ് ഇപ്പോഴുളളത്.
ലാലു പ്രസാദ് ബിഹാർ മുഖ്യമന്ത്രിയായിരുന്ന 91-94 കാലത്താണ് കാലത്തീറ്റ കുംഭകോണം നടന്നത്.