റാഞ്ചി: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനു ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദുംക ട്രഷറി കേസിലാണു ജാമ്യം. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാല് കേസുകളിലാണ് എഴുപത്തി മൂന്നുകാരനായ ലാലു ശിക്ഷിക്കപ്പെട്ടത്. മറ്റു മൂന്നു കേസുകളില്‍ അദ്ദേഹം ഇതിനകം ജാമ്യം നേടിയിരുന്നു. നാലാമത്തെ കേസിലും ജാമ്യം ലഭിച്ച സ്ഥിതിക്ക് അദ്ദേഹം ജയില്‍ മോചിതനാകാനാണു സാധ്യത.
1991 നും 1996 നും ഇടയില്‍ ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ദുംക ട്രഷറിയില്‍നിന്ന് 3.5 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് ഇപ്പോള്‍ ജാമ്യം ലഭിച്ച കേസ്. ഇന്ത്യന്‍ പീനല്‍ കോഡിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തില്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, പൊതുസേവകന്‍ അല്ലെങ്കില്‍ ബാങ്കര്‍, വ്യാപാരി അല്ലെങ്കില്‍ ഏജന്റ് എന്നിവരുടെ ക്രിമിനല്‍ വിശ്വാസലംഘനം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ പ്രകാരമാണു ലാലുവിനെ കുറ്റക്കാരനാണെന്നു വിചാരണക്കോടതി വിധിച്ചത്.
ലാലുവിനെ ഏഴു വര്‍ഷം തടവിനാണു വിചാരണക്കോടതി ശിക്ഷിച്ചത്. പിന്നീട് ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. ലാലു ഇതിനകം മൂന്നര വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതായാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്.
Also Read: കുംഭമേള അവസാനിപ്പിക്കണം; പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദേശം
കേസില്‍ ശിക്ഷാ കാലാവധിയുടെ പകുതി ലാലു പ്രസാദ് അനുഭവിച്ചതായി ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് അപരേഷ് കുമാര്‍ സിങ് പ്രസ്താവിച്ചതായി സിബിഐ കോണ്‍സല്‍ രാജീവ് സിന്‍ഹയുടെ അഭിഭാഷകനെ സഹായിക്കുന്ന അഭിഭാഷകന്‍ നിരജ് രവി പറഞ്ഞു.
ലാലു നിലവില്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലാണ്. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് ജനുവരി 23 നാണ് എയിംസിലേക്കു മാറ്റിയത്. 2018 ഓഗസ്റ്റ് മുതല്‍ ലാലു ആശുപത്രിയിലാണ്.
ബിഹാര്‍ നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സഹായം തേടി ബിജെപി എംഎല്‍എ ലലന്‍ കുമാര്‍ പാസ്വാനെ ഫോണില്‍ വിളിച്ച് ലാലു അടുത്തിടെ വിവാദത്തിലായിരുന്നു.