ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിൽ ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് 14 വർഷം തടവ്. തടവിനു പുറമേ 60 ലക്ഷം രൂപ പിഴയും റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു.

ദുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ലാലുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഈ കേസിലും ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ കോടതി വെറുതെ വിട്ടു. 31 പേർ പ്രതിസ്ഥാനത്തുണ്ടായ കേസിൽ 19 പേരെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. 1995-1996 കാ​ല​യ​ള​വി​ൽ വ്യാ​ജ ബി​ല്ലു​ക​ൾ ന​ൽ​കി ട്ര​ഷ​റി​യി​ൽ ​നി​ന്നും പ​ണം പി​ൻ​വ​ലി​ച്ച​താണ് കേസ്.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളിൽ മൂന്നെണ്ണത്തിൽ നേരത്തേ വിധി പുറത്തുവന്നിരുന്നു. ആദ്യ കേസിൽ അഞ്ചു വർഷം തടവും പിഴയുമാണ് ലാലുവിന് ശിക്ഷ വിധിച്ചത്. രണ്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം സുപ്രീം കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ രണ്ടാമത്തെ കേസിൽ മൂന്നര വർഷം തടവ് ശിക്ഷ ലഭിച്ചു. മൂന്നാമത്തെ കേസിലും അഞ്ച് വർഷം തടവ് ലഭിച്ചു. എന്നാൽ കൂട്ടുപ്രതിയായിരുന്ന ജഗന്നാഥ മിശ്രയ്ക്ക് എതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയാണ് ഉണ്ടായത്.

1900-97 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലാലുപ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. 1996 ൽ ലാലു പ്രസാദ് യാദവിനെതിരെ ഉയർന്ന അഴിമതിയാണിത്.

ബിഹാർ മുഖ്യമന്ത്രിയായിരിക്കേ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 945 കോടി തട്ടിയെടുത്തതാണ് കേസ്. വ്യാജബില്ലുകൾ ഹാജരാക്കി 20 വർഷം കാലിത്തീറ്റ വിതരണം ചെയ്തെന്ന് കാട്ടിയാണ് ലാലു പണം തട്ടിയെടുത്തതെന്നാണ് ആരോപണം. അന്നത്തെ ധനവകുപ്പ് സെക്രട്ടറി വി.എസ്.ധൂബെയാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ