പട്ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച നിതീഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷിൽ ഒരു കൊലപാതകത്തിന്റെ കറപ്പാട് പതിഞ്ഞിട്ടുള്ളത് ഞങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് ലാലു പറഞ്ഞു. അഴിമതിയേക്കാൾ വലിയൊരു കുറ്റത്തിന്റെ ആരോപണമാണ് നിതീഷിന് എതിരെയുള്ളതെന്നും പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ബിജെപിയുടെ കൈ പിടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന് നിതീഷ് വിശദീകരിക്കണം. തേജസ്വി യാദവിനെതിരായ അഴിമതിക്കേസ് സി.ബി.ഐ കെട്ടിച്ചമച്ചതാണെന്ന് നിതീഷിനോട് വിശദീകരിച്ചിരുന്നു. പാർട്ടികൾക്കിടയിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കാവുന്നതാണെന്ന് കഴിഞ്ഞ ദിവസവും നിതീഷിനെ ഫോണിൽ വിളിച്ച് വ്യക്തമാക്കിയിരുന്നതാണെന്നും ലാലു പറഞ്ഞു. നിലവിലെ ബിഹാർ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർ.ജെ.ഡി, സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.