ജമ്മു: കത്തുവ കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പിന്തുണയറിയിച്ച് റാലി നടത്തിയ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ലാല്‍ സിംഗിന് സ്വീകരണം. രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിന്നും ലാല്‍ സിംഗ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എയ്ക്ക് അണികള്‍ സ്വീകരണം നല്‍കിയത്. പ്രതികള്‍ക്കുള്ള പിന്തുണ വീണ്ടും അറിയിച്ചു കൊണ്ട് ലാല്‍ സിംഗ് മാര്‍ച്ച് നടത്തുകയും ചെയ്തു.

കേസ് സിബിഐയ്ക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് ലാല്‍ സിംഗ് ചൗധരിയുടെ നേതൃത്വത്തില്‍ റാലി. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും എന്നാല്‍ മാത്രമേ നീതി നടപ്പിലാവുകയുള്ളൂവെന്നും ലാല്‍ സിംഗ് സത്വാരി ചോക്കില്‍ ലഭിച്ച സ്വീകരണത്തില്‍ പറഞ്ഞു. റാലിയ്ക്ക് ശേഷം കേസിലെ പ്രതികളുടെ കുടുംബങ്ങളേയും എംഎല്‍എ സന്ദര്‍ശിക്കും.

പ്രതികള്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ട് ഹിന്ദു ഏക്താ മഞ്ജിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ മന്ത്രിമാരായിരുന്ന ലാല്‍ സിംഗും ചന്ദര്‍ പ്രകാശ് ഗംഗയും പങ്കെടുത്തിരുന്നു. റാലിയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. പിന്നാലെയാണ് ഇരുവരും കഴിഞ്ഞ ദിവസം രാജി വെച്ചത്. രാജി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സ്വീകരിച്ചതിന് തൊട്ടടുത്ത ദിവസമാണ് ലാല്‍ സിംഗിന്റെ റാലി.

കേസില്‍ എട്ട് പ്രതികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പെണ്‍കുട്ടിയെ ദിവസങ്ങളോളം അമ്പലത്തിനുള്ളില്‍ പൂട്ടിയിടുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നിടാണ് കൊലപ്പെടുത്തിയത്. അമ്പലത്തിന്റെ കസ്റ്റോഡിയനായ സഞ്ചി റാമാണ് കുറ്റകൃത്യത്തിന്റെ സൂത്രധാരനെന്നും പൊലീസ് പറയുന്നു. സ്ഥലത്തെ മുസ്ലിം നാടോടികളായ ബക്കര്‍വാല സുമദായത്തില്‍ പെടുന്ന എട്ടുവയസുകാരിയാണ് കൊല്ലപ്പെട്ടത്. വര്‍ഗ്ഗീയ വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ