സൂറത്ത്: ലക്ഷദ്വീപിലെ ആദ്യ നഴ്സിങ് കോളേജിന് ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയുമായി (വിഎന്‍എസ്‌ജിയു) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം ലഭിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ സമീപിച്ചിരുന്നെങ്കിലും തൃപ്തികരമായൊരു മറുപടി ലഭിച്ചിരുന്നില്ലെന്നും ലക്ഷദ്വീപ് ആരോഗ്യ, വിദ്യാഭ്യാസ സെക്രട്ടറി അമിത് സതിജ പറഞ്ഞു.
വെള്ളിയാഴ്ച നടന്ന വിഎന്‍എസ്‌ജിയുവിന്റെ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് അംഗീകാരം നല്‍കിയത്. ലക്ഷദ്വീപിന്റെ ആരോഗ്യവിഭാഗം ഡയറക്ടര്‍ ഡോ. എം.കെ.ബഷീറാണ് അംഗീകാരം തേടിക്കൊണ്ട് വൈസ് ചാന്‍സലര്‍ കെ.എന്‍.ചൗഡയെ സമീപിച്ചത്.
“ലക്ഷദ്വീപിലെ ആദ്യ നഴ്സിങ് കോളേജായിരിക്കും ഇത്. അടുത്ത ആറാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അധ്യാപകരെ കോണ്‍ട്രാക്ടിലായിരിക്കും നിയമിക്കുക. 30 സീറ്റുകളാണുള്ളത്. ഇതില്‍ 24 സീറ്റുകൾ പെണ്‍കുട്ടികള്‍ക്കായിരിക്കും,” സതിജ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
“വിഎന്‍എസ്‌ജിയുവിനെ സമീപിക്കുന്നതിന് മുന്‍പ് കേരള, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ തൃപ്തിപ്പെടുത്തുന്ന ഒരു മറുപടി ലഭിച്ചിരുന്നില്ല. നിരസിച്ചില്ലെങ്കിലും നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു. ജൂലൈ 15-ാം തീയതിയാണ് വിഎന്‍എസ്‌ജിയുവിലേക്ക് നിര്‍ദേശം വച്ചത്,” സതിജ കൂട്ടീച്ചേര്‍ത്തു.
നിലവിൽ ലക്ഷദ്വീപിന്റെ ആസ്ഥാനമായ കവരത്തിയിലെ ഒഴിഞ്ഞ സർക്കാർ കെട്ടിടത്തിലായിരിക്കും നഴ്സിങ് കോളേജ് പ്രവർത്തിക്കുകയെന്ന് ലക്ഷദ്വീപ് ജോയിന്റ് സെക്രട്ടറി ഡോ. ശശി പാൽ പറഞ്ഞു. “ഒഴിവുള്ള സ്റ്റാഫ് ക്വാർട്ടേഴ്സ് പെൺകുട്ടികളുടെ ഹോസ്റ്റലാക്കി മാറ്റും. ഇതേ സ്ഥലത്താണ് ആശുപത്രി പണിയാനും പദ്ധതി,” ശശി പാല്‍ വ്യക്തമാക്കി.
ഗുജറാത്ത് നഴ്സിങ് കൗണ്‍സില്‍, ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍, യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യുജിസി) എന്നിവയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ ഇത് നിലനില്‍ക്കുകയുളളൂവെന്ന് സതിജ പറഞ്ഞു.
“ലക്ഷദ്വീപിന്റെ ആരോഗ്യവകുപ്പ് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ ബാക്കിയുള്ള നടപടികള്‍ ആരംഭിക്കാവുന്നതാണ്,” ഗുജറാത്ത് നഴ്സിങ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍ ഇക്ബാല്‍ കാഡിവാല അറിയിച്ചു.
ഒരു യൂണിവേഴ്സിറ്റി ഒരു സംസ്ഥാനവുമായി സംയോജിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയാണെങ്കില്‍ അത് സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍ തന്നെ ആയിരിക്കണമെന്നാണ് യുജിസി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.
“യുജിസിയുടെ അംഗീകാരം നേടേണ്ട ഉത്തരവാദിത്വം കോളേജ് അധികൃതര്‍ക്കാണ്. സാധാരണഗതിയില്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് അനുവാദം കൊടുക്കാറുണ്ട്,” വിഎന്‍എസ്‌ജിയു വൈസ് ചാന്‍സലര്‍ കെ.എന്‍.ചൗഡ പറഞ്ഞു.