കവരത്തി: പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനതയുടെ ജനകീയ നിരാഹര സമരം ആരംഭിച്ചു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം. ദ്വീപില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിടും. പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, സമരത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യങ്ങളുണ്ടായാല്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദേശമുണ്ട്. ദ്വീപിലെ ഓരോ ആരോഗ്യ പ്രവര്‍ത്തരോടും സജ്ജമായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?
പന്ത്രണ്ട് മണിക്കൂറാണ് നിരാഹാര സമരം. ദ്വീപിലെ എല്ലാ ജനങ്ങളെയും പങ്കെടുപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി എല്ലാ ദ്വീപുകളിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കമ്മിറ്റികള്‍ രൂപികരിച്ചത്. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ സമരത്തിനുണ്ട്.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കള്‍ സര്‍വകകക്ഷി യോഗത്തിന് ശേഷം കൊച്ചിയില്‍ പറഞ്ഞിരുന്നു. സന്ദര്‍ശക പാസിന്റെ കാലാവധി കഴിഞ്ഞവരോട് ദ്വീപ് വിട്ട് പോകാന്‍ ലക്ഷദ്വീപ് ഭരണകൂടം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികള്‍ അടക്കമുള്ളവര്‍ ദ്വീപില്‍ നിന്നും മടങ്ങി.