കൊച്ചി: ലക്ഷദ്വീപിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ മത്സ്യബന്ധന ബോട്ട് കാണാതായി. നാല് മത്സ്യത്തൊഴിലാളികളെയും കാണാതായി. ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് ദക്ഷിണ നാവികസേനയും കോസ്റ്റ് ഗാർഡും ഇവിടെ തിരച്ചിൽ നടത്തി.
അന്ത്രോത്ത് ദ്വീപിന് തെക്ക്-പടിഞ്ഞാറൻ മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അവസാനമായി ഈ ബോട്ടിനെ കണ്ടത്. ഫർഹാന എന്നാണ് ബോട്ടിന്റെ പേര്. ഏതാണ്ട് 7.5 നോട്ടിക്കൽ മൈൽ (12.5 കിമീ) അകലെയായിരുന്നു ഈ ബോട്ട് അപ്പോൾ. കോസ്റ്റ് ഗാർഡിന്റെ ചെറുവിമാനം (ഡോർണിയർ) കടലിൽ ബോട്ടിന് വേണ്ടി തിരച്ചിൽ നടത്തി. ഇതിന് പിന്നാലെ കോസ്റ്റ് ഗാർഡിന്റെ കപ്പൽ സമുദ്ര പ്രഹാരിയും ഈ ഭാഗത്തേക്ക് വഴിതിരിച്ചുവിട്ടു.
ഇന്ത്യൻ നേവിയും ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളുടെയും ബോട്ടുകളുടെയും സഹായത്തോടെ ഇവിടെ തിരച്ചിൽ നടത്തിയതായി ദക്ഷിണ നാവിക സേന വക്താവ് അറിയിച്ചു. നാവിക സേനയുടെ ചെറുവിമാനവും തിരച്ചിലിൽ പങ്കാളികളായിരുന്നു. നാവികസേനയുടെ കപ്പലായ ഐഎൻഎസ് സുജാത ഇവിടേക്ക് വഴി തിരിച്ചുവിട്ടു. ഈ കപ്പൽ ഉടൻ അവിടെയെത്തുമെന്നാണ് കരുതപ്പെടുന്നത്.