ന്യൂഡല്‍ഹി: രാജ്യത്തെ സ്ഥിര വിമാന സര്‍വീസുകള്‍ ലക്ഷദ്വീപുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബിജെപി എംപി രാധാ മോഹന്‍ദാസ് അഗര്‍വാള്‍. ലക്ഷദ്വീപ് ബിജെപിയുടെ ചുമതലയും രാധാ മോഹൻദാസിനാണ്. ലക്ഷദ്വീപിലേക്കുള്ള ഗതാഗത സൗകര്യങ്ങള്‍ പരിമിതമാണെന്ന് ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് ദ്വീപിലേക്കുള്ള ഗതാഗത സൗകര്യങ്ങളുടെ അഭാവം നിങ്ങള്‍ ഉന്നയിക്കുന്നുണ്ടല്ലോ?
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാന സ്ഥലമാണ് ലക്ഷദ്വീപ്. ഇതു ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ക്കു സമീപമാണ്. അടുത്തിടെ ദ്വീപില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി, ചില പിഎഫ്ഐ യൂണിറ്റുകളും അവിടെയുണ്ട്. അവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്, അവര്‍ ദേശീയവാദികളാണ്. രാജ്യത്തെ പ്രാധന ഇടങ്ങളുമായി അവ ശരിയായി ബന്ധപ്പെടുത്തിയിട്ടില്ല. ഈ ദ്വീപുകള്‍ 200-500 കിലോമീറ്റര്‍ അകലെയാണ്.
നിങ്ങളുടെ ആവശ്യം എന്താണ്?
ലക്ഷദ്വീപില്‍ നിന്നുള്ള ഭൂരിഭാഗം ആളുകളും വൈദ്യ പരിചരണത്തിനും ഉന്നത വിദ്യാഭ്യാസത്തിനും ഷോപ്പിങ്ങിനും വിനോദത്തിനും പോലും കേരളത്തിലേക്കു യാത്ര ചെയ്യുന്നു. എന്നാല്‍ അഗത്തിയില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു വിമാനമേ ഉള്ളൂ, അതും 72 പേര്‍ക്ക് ഇരിക്കാവുന്ന വിമാനമാണ്. ഒരു സാധാരണ വിമാന സര്‍വീസ് ഉണ്ടെങ്കില്‍ ആയിരത്തിലധികം ആളുകള്‍ എളുപ്പത്തില്‍ എത്തിച്ചേരാനാകും. അവര്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ല. അതിനാല്‍, ഞാന്‍ കൊച്ചിക്കും അഗത്തിക്കുമിടയില്‍ സ്ഥിര വിമാന സര്‍വിസുകള്‍ ആവശ്യപ്പെട്ടു. പ്രതിദിനം കുറഞ്ഞത് അഞ്ച്-ആറ് സര്‍വിസുകളെങ്കിലും ആവശ്യമാണ്.
ദ്വീപുകള്‍ തമ്മിലുള്ള ഗതാഗതബന്ധത്തെക്കുറിച്ച് പറയാനുള്ളത്
ലക്ഷദ്വീപ് നിരവധി ദ്വീപുകള്‍ ഉള്ക്കൊള്ളുന്നാണ്, ഈ ദ്വീപുകളിലെ ആളുകള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ദ്വീപുകള്‍ക്കിടയില്‍ സ്ഥിരമായ ഗതാഗത മാര്‍ഗങ്ങളില്ല. ലക്ഷദ്വീപിന് ഉഡാന്‍ (അണ്ടര്‍ സര്‍വീസ്ഡ് എയര്‍ റൂട്ടുകളെ ബന്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതി) സേവനങ്ങള്‍ ആവശ്യമാണെന്നാണ് എന്റെ വാദം. ദ്വീപുകളില്‍ ഹെലിപാഡുകള്‍ ഉള്ളതിനാല്‍ നമുക്ക് വിമാനങ്ങള്‍ക്ക് പകരം വലിയ ഹെലികോപ്റ്ററുകള്‍ പോലും ഉപയോഗിക്കാം.
ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭാ എംപിയായ നിങ്ങള്‍ എന്തിനാണ് ലക്ഷദ്വീപ് വിഷയം ഉന്നയിക്കുന്നത്?
എനിക്ക് ലക്ഷദ്വീപിലെ ബിജെപിയുടെ ചുമതലയുണ്ട്. രണ്ടു ദിവസം അഗത്തിയിലും കവരത്തിയിലും സന്ദർശനം നടത്തി. അവരുടെ പ്രശ്നങ്ങള്‍ എനിക്ക് തന്നെ കാണാമായിരുന്നു. വിശദമായ ചര്‍ച്ചയ്ക്കായി ഞാന്‍ വ്യാഴാഴ്ച വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കാണാന്‍ പോകുകയാണ്. വിഷയം നേരത്തെ തന്നെ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഭരണകൂടത്തിന്റെ ചില വികസന നിര്‍ദേശങ്ങള്‍ക്കെതിരെ ദ്വീപുകളില്‍ പ്രതിഷേധം ഉണ്ടായിരുന്നു. ആരെങ്കിലും ആ പ്രശ്നം ഉന്നയിച്ചിട്ടുണ്ടോ?
ചിലര്‍ അവരുടെ പ്രശ്നങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞു, ഞാന്‍ അഡ്മിനിസ്ട്രേറ്ററുമായി ചര്‍ച്ച നടത്തി. പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ചില പ്രശ്നങ്ങള്‍ ഇതിനകം പരിഹരിച്ചു.