scorecardresearch

പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ വിമര്‍ശനം; രണ്ട് തട്ടിലായി ബിജെപി

അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശങ്ങള്‍ ജനവികാരത്തിന് എതിരാണെന്ന് ചൂണ്ടിക്കാണിച്ച് ലക്ഷദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി പ്രാധാനമന്ത്രിക്ക് കത്തയച്ചു

പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ വിമര്‍ശനം; രണ്ട് തട്ടിലായി ബിജെപി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുകയാണ്. അതേസമയം, വിഷയത്തില്‍ ബിജെപിയില്‍ രണ്ട് അഭിപ്രായം ഉടലെടുത്തു. ബിജെപിയുടെ കേരള അധ്യക്ഷന്‍ കെ.സുരേന്ദ്രനും ലക്ഷദ്വീപ് ബിജെപി പ്രസിഡന്റും പ്രഫുല്‍ പട്ടേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ മറ്റുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

കേന്ദ്രത്തിലും സമാനമാണ് സ്ഥിതി. രണ്ട് നേതാക്കള്‍ ഇതിനോടകം തന്നെ വിയോജിപ്പ് അറിയിച്ചു. പട്ടേല്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണമായിരുന്നുവെന്നാണ് ഒരാള്‍ പ്രതികരിച്ചത്. “പട്ടേലിന്റെ പ്രവൃത്തികള്‍ പാര്‍ട്ടിയോടുള്ള താത്പര്യം ഇല്ലാതാക്കുന്നു, കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയേയും ബാധിക്കുന്നാണ്,” അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ ലക്ഷ്ദ്വീപ് അധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജി പട്ടേലിനെ പിന്തുണച്ചു. അതേസമയം, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഖാസിം എതിര്‍ക്കുകയും ചെയ്തു. അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശങ്ങള്‍ ജനവികാരത്തിന് എതിരാണെന്ന് ചൂണ്ടിക്കാണിച്ച് ഖാസിം പ്രാധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

പട്ടേലിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍നിന്നു രാജി വച്ചു. മുസ്‌ലിം ജനവിഭാഗം 98 ശതമാനമുള്ള ദ്വീപില്‍ ബിഫ് നിരോധനം, കുറ്റകൃത്യങ്ങള്‍ കുറവുള്ള സാഹചര്യത്തില്‍ ഗുണ്ടാ ആക്ട്, രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്ക് എന്നീ നടപടികളാണ് പട്ടേലിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പ്രസ്തുത നടപടികളെ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനു പുറമെ ഭരണ പ്രതിപക്ഷ നേതാക്കള്‍ സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കുകയും ചെയ്തു.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

പട്ടേലിന്റെ നടപടികള്‍ ദ്വീപ് നിവാസികളെ തൊഴില്‍ രഹിതരാക്കുമെന്ന് മുഹമ്മദ് ഖാസിം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. “ഒരു രാജാവിനെ പോലെ ദ്വീപിനെ അദ്ദേഹം ഇല്ലാതാക്കുകയാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് നേതാക്കന്മാരുമായി ചര്‍ച്ച ചെയ്യുകയോ ദ്വീപ് നിവാസികളെ വിശ്വാസത്തിലെടുക്കാനോ അദ്ദേഹം ശ്രമിച്ചിട്ടില്ല,” ഖാസിം വ്യക്തമാക്കി.

“ലക്ഷദ്വീപിൽ ചുവടുറപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണ്. എന്നാല്‍ അഡ്മിനിസ്ട്രേറ്ററെ പിന്തുണയ്ക്കാന്‍ സാധിക്കില്ല. പാര്‍ട്ടിയുടെ ശ്രമങ്ങള്‍ എല്ലാം ഇല്ലാതാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍. ഇത്തരം ജനവിരുദ്ധമായ കാര്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്,” ഖാസിം കൂട്ടിച്ചേര്‍ത്തു. നിരവധി അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ അയച്ചവര്‍ ഉള്‍പ്പടെ. അവരാരും ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടില്ലെന്നും ഖാസിം ചൂണ്ടിക്കാണിച്ചു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പ്രഫുല്‍ പട്ടേല്‍ ആഭ്യന്തര മന്ത്രിയായിരുന്നു. ബിജെപി നേതൃത്വത്തിന്റെ അടുത്തയാളായാണ് പട്ടേലിനെ കണക്കാക്കുന്നത്. ഏഴ് തവണ ലോക്സഭാ എംപി ആയിരുന്ന മോഹന്‍ ധേല്‍ക്കറുടെ ആത്മഹത്യയില്‍ പ്രഫൂല്‍ പട്ടേല്‍ വിവാദത്തിലായിരുന്നു. പട്ടേലിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് പിതാവ് ആത്മഹത്യ ചെയ്തതെന്ന് ധേല്‍ക്കറുടെ മകന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് പട്ടേല്‍ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Lakshadweep bjp unit against administrator praful patel