മുംബൈ : കടബാധ്യതയേറിയ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ ദേവേന്ദ്ര ഫഡ്നാവിസിന്‍റെ മഹാരാഷ്ട്രാ സര്‍ക്കാര്‍ കടം എഴുതി തള്ളുന്ന പദ്ധതിയുമായി മുന്നോട്ട് വന്നത്. 30,000 കോടിയുടെ കടം എഴുതിതള്ളുന്നു എന്ന പ്രഖ്യാപനം വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും ഇതുവരെ കടം എഴുതി തള്ളിയത് ചെറിയൊരു വിഭാഗം കര്‍ഷകരുടെത് മാത്രം. കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതിനിടെ കടം എഴുതിതള്ളാനുള്ള അപേക്ഷയ്ക്ക് ഉപയോഗിച്ച സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്നങ്ങളാണ് വൈകുന്നതിനു കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജൂണില്‍ മഹാരാഷ്ട്രയിലുടനീളം അരങ്ങേറിയ കര്‍ഷക സമരങ്ങള്‍ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതി തള്ളും എന്ന് പ്രഖ്യാപിക്കുന്നത്. കടം എഴുതി തള്ളേണ്ടവരുടെ അപേക്ഷ സ്വീകരിക്കുന്നതിനായി ഓണ്‍ലൈനായാണ്‌ സര്‍ക്കാര്‍ കൈപ്പറ്റിയത്. ഇതിനായി വിവിധ ഫോര്‍മുകള്‍ പൂരിപ്പിക്കുകയും രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തുവെങ്കിലും ഇതുവരെയായിട്ടും കാര്യങ്ങള്‍ മുന്നോട്ടുപോയിട്ടേയില്ല എന്നാണ് കാത്തുകെട്ടി നില്‍ക്കുന്ന കര്‍ഷകര്‍ ആരോപിക്കുന്നത്.

ആധാറുമായി ബന്ധപ്പെടുത്തിയ അപേക്ഷാഫോറത്തില്‍ കര്‍ഷകരുടെ കടവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ കോപ്പറേറ്റീവ് ബാങ്കുകള്‍ക്കും വാണിജ്യ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ബാങ്കുകളും കര്‍ഷകരും നല്‍കുന്ന ഡാറ്റകള്‍ തമ്മില്‍ താരതമ്യപ്പെടുത്തുകയും ആധാറിലെ വിവരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കടം എഴുതി തള്ളാന്‍ അര്‍ഹതയുള്ള കര്‍ഷകരുടെ വിവരങ്ങള്‍ ‘ഗ്രീന്‍ ലിസ്റ്റ്’ ചെയ്ത് ബാങ്കുകള്‍ക്ക് നല്‍കുകയും ചെയ്തു.

ഈ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് വീട്ടാനുള്ള കടം അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടക്കും എന്നായിരുന്നു കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന ഉറപ്പ്. ഏതാണ്ട് 56 ലക്ഷം പേരാണ് ഈ പദ്ധതിയില്‍ ചേരുവാനായി അപേക്ഷ സമര്‍പ്പിച്ചത്.

പദ്ധതിയുടെ ആദ്യഘട്ടം നവംബര്‍ 15 നുള്ളില്‍ പൂര്‍ത്തിയാക്കും എന്നാണ് ഒക്ടോബറില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന ക്യാബിനറ്റിലെ മന്ത്രിമാരും പ്രഖ്യാപിച്ചത്.

എന്തിരുന്നാലും, ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം വാണിജ്യ ബാങ്കിലെ 60,282 അക്കൗണ്ടുകള്‍ക്കും കോര്‍പ്പറേറ്റ്‌ ബാങ്കിലെ 9,519 അക്കൗണ്ടുകളും മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. സംസ്ഥാനത്ത് ഒട്ടാകെയായി 464 കോടിയുടെ കര്‍ഷക കടം മാത്രമാണ് തീര്‍പ്പാക്കിയത്.

സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്നനങ്ങള്‍ കാരണം രണ്ടാമത്തെ ഗ്രീന്‍ ലിസ്റ്റ് വൈകുന്നത് എന്നാണ് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. അതേസമയം തങ്ങള്‍ക്ക് ഇതുവരെ ‘ഗ്രീന്‍ ലിസ്റ്റ്’ ലഭിച്ചിട്ടില്ല എന്ന്‍ പല ബാങ്കുകളും പറയുന്നു.

” കര്‍ഷകകടം എഴുതി തള്ളുകയെന്നപേരില്‍ വലിയൊരു കുംഭകോണം ആണിവിടെ അരങ്ങേറിയത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണം.” കര്‍ഷകകടം എഴുതി തള്ളുന്നതിലെ മേല്ലപ്പോക്ക് നയം ഒരുവിധത്തിലും അംഗീകരിക്കാനാകില്ല എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് എം പി രാജു ഷെട്ടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ