ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസിലെ മുഖ്യ കുറ്റാരോപിതന് ആശിഷ് മിശ്ര ജയിലിൽ നിന്ന് പുറത്തിറങ്ങി. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ജാമ്യം ഫെബ്രുവരി 10ന് ജാമ്യം അനുവദിച്ചിരുന്നു.
ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ നാല് കർഷകരും മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ആശിഷ്, അലഹബാദ് ഹൈക്കോടതി വിധിച്ച ജാമ്യ വ്യവസ്ഥകൾ പാലിച്ചാണ് ജയിൽ മോചിതനായത്.
വെടിയേറ്റുള്ള പരുക്കുകൾ ഒന്നും ആരിലും കണ്ടെത്തിയിട്ടില്ലെന്നും ഡ്രൈവർ സ്വയം രക്ഷക്കായി വാഹനം വേഗത്തിലാക്കാൻ ശ്രമിച്ചതാകും അപകടകരണമെന്നുമാണ് ആശിഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് പ്രസ്താവിച്ചത്.
“അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയ സാക്ഷികളുടെ എല്ലാ മൊഴികളുടെയും കാതൽ.. അപേക്ഷകൻ ഥാർ വാഹനത്തിൽ ഇരുന്ന്, പ്രതിഷേധക്കാരെ ഇടിക്കാൻ ഡ്രൈവറോട് പറയുകയായിരുന്നു എന്നതാണ്,” കോടതി ഉത്തരവിൽ പറഞ്ഞു.
“കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ, എഫ്ഐആർ പ്രകാരം, പ്രതിഷേധക്കാർക്ക് നേരെ വെടിവെക്കുന്നതിൽ അപേക്ഷകന്റെ പങ്ക് വ്യക്തമാണ്, എന്നാൽ അന്വേഷണത്തിനിടയിൽ, അത്തരം തോക്കുകൾ കൊണ്ടുള്ള പരിക്കുകളൊന്നും മരിച്ചവരിലോ ആരിലും കണ്ടെത്തിയില്ല.” എന്നും അതിൽ പറയുന്നു.
“അതിനുശേഷം, പ്രതിഷേധക്കാരെ ഇടിക്കാൻ അപേക്ഷകൻ വാഹനത്തിന്റെ ഡ്രൈവറെ പ്രകോപിപ്പിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചു; എന്നിരുന്നാലും, വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെയും ഡ്രൈവറെയും പ്രതിഷേധക്കാർ കൊലപ്പെടുത്തിയിരുന്നു. അന്വേഷണത്തിനിടയിൽ, അപേക്ഷകന് നോട്ടീസ് നൽകുകയും അയാൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുകയും ചെയ്തുവെന്ന് വ്യക്തമാണ്. കുറ്റപത്രം നേരത്തെ സമർപ്പിച്ചതായും വ്യക്തമാണ്. അത്തരം സാഹചര്യങ്ങളിൽ, അപേക്ഷകന് ജാമ്യത്തിൽ പോകാൻ അർഹതയുണ്ടെന്നാണ് ഈ കോടതി വീക്ഷിക്കുന്നത്,” ഉത്തരവിൽ പറഞ്ഞു.
നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട ലംഖിംപുര്‍ ഖേരി സംഭവം നടന്നത് ഒക്ടോബര്‍ മൂന്നിനായിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തര്‍പ്രശേിലെ ലംഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്കു കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ളത് ഉള്‍പ്പെടുന്ന വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും ഡ്രൈവറും കൊല്ലപ്പെട്ടു.
Also Read: യൂണിഫോമിന് അനുയോജ്യമായി ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍