Latest News

ലഖിംപൂര്‍ ഖേരി: അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുന്നത് അംഗീകരിച്ച് യുപി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ യുപി കേഡറില്‍നിന്നുള്ളതും എന്നാല്‍ സംസ്ഥാനത്തുകാരല്ലാത്തതുമായ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ചൊവ്വാഴ്ചയ്ക്കകം സമര്‍പ്പിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു

lakhimpur kheri, lakhimpur kheri sit probe, supreme court lakhimpur kheri, lakhimpur kheri case, lakhimpur kheri updates, ashish mishra, nv ramana, uttar pradesh, up govt, sit lakhimpur kheri, sit probe lakhimpur kheri, latest news, news in malayalam, malayalam news, indian express malayala, ie malayalam

ന്യൂഡല്‍ഹി: നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേരുടെ മരണത്തിനിടയാക്കിയ ലഖിംപുര്‍ ഖേരി സംഭവത്തില്‍ അന്വേഷണ മേല്‍നോട്ടത്തിനു വിരമിച്ച ജഡ്ജിയെ നിയമിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം അംഗീകരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജഡ്ജിയുടെ പേര് പ്രഖ്യാപിക്കാന്‍ വിഷയം ബുധനാഴ്ചത്തേക്കു ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ യുപി കേഡറില്‍നിന്നുള്ളതും എന്നാല്‍ സംസ്ഥാനത്തുകാരല്ലാത്തതുമായ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ചൊവ്വാഴ്ചയ്ക്കകം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ലഖിംപുര്‍ സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്കു കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ പേരിലുള്ളത് ഉള്‍പ്പെടെ മൂന്ന് എസ് യു വികള്‍ ഇടിച്ചുകയറുകയായിരുന്നു. ഒക്‌ടോബര്‍ മൂന്നിനുണ്ടായ സംഭവത്തില്‍ നാലു കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു ഡ്രൈവറും രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. മന്ത്രിയുടെ മകന്‍ മോനു എന്ന ആശിഷ് മിശ്ര ഉള്‍പ്പെടെ 13 പേരെ എസ്‌ഐടി സംഘം ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്വേഷണം സംബന്ധിച്ച് രണ്ടു തവണ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച ജഡ്ജിയെ നിയോഗിക്കുമെന്നു കഴിഞ്ഞ തവണ വിഷയം പരിഗണിച്ചപ്പോള്‍ വ്യക്തമാക്കുകയായിരുന്നു. ”തെളിവുകള്‍ സ്വതന്ത്രമായി രേഖപ്പെടുത്തുന്നുവെന്നും കൂട്ടിക്കലര്‍ത്തുന്നില്ലെന്നും ഉറപ്പാക്കാന്‍, അന്വേഷണം ദിവസവും നിരീക്ഷിക്കാന്‍ മറ്റൊരു ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയെ നിയമിക്കാന്‍ ശ്രമിക്കുന്നു. ..ഞങ്ങള്‍ക്കു വേണ്ടത്ര വിശ്വാസമില്ല… നിങ്ങളുടെ സംസ്ഥാനം നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല…” എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

Also Read: രാജ്യത്ത് 10,229 പേര്‍ക്ക് കോവിഡ്; 125 മരണം

അന്വേഷണ മേല്‍നോട്ടത്തിനു നിയോഗിക്കുന്ന ജഡ്ജിയുടെ പേര് പ്രഖ്യാപിക്കാന്‍ ബെഞ്ചിന് ഒരു ദിവസം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ഇന്നു പറഞ്ഞു. ”ഞങ്ങള്‍ രാകേഷ് ജെയിനിനെയോ മറ്റേതെങ്കിലും ജഡ്ജിയെയോ പരിഗണിക്കുന്നു. ബന്ധപ്പെട്ട ജഡ്ജിയുമായി ഞങ്ങള്‍ക്കു സംസാരിക്കേണ്ടതുണ്ട്,” എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ബെഞ്ചിന്റെ നിര്‍ദേശം, യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അംഗീകരിച്ചു. ഏതു സംസ്ഥാനത്തുനിന്നുമുള്ള ജഡ്ജിയെ നിയമിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

”നിങ്ങള്‍ ദൗത്യസേനയെ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അവര്‍ ഉന്നത ഉദ്യോഗസ്ഥരായിരിക്കണമെന്നതുമാണ് മറ്റൊരു വിഷയം. ലഖിംപുര്‍ ഖേരി മേഖലയില്‍നിന്നുള്ള, സബ് ഇന്‍സ്പെക്ടര്‍മാരുടെ ഗ്രേഡിലുള്ളവരാണു ഭൂരിഭാഗം ഉദ്യോഗസ്ഥരും,” ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

”പേരുകള്‍ (യുപി സ്വദേശികളല്ലാത്ത ഐപിഎസ് ഉദ്യോഗസ്ഥരുടെ) നാളെ വൈകുന്നേരത്തിനകം പ്രസിദ്ധപ്പെടുത്തുക. എങ്കില്‍ ഉത്തരവില്‍ ഞങ്ങള്‍ക്ക് ഉള്‍പ്പെടുത്താന്‍ കഴിയും,” ചീഫ് ജസ്റ്റിസ് ഉത്തരവില്‍ വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lakhimpur kheri violence uttar pradesh sit probe judge supreme court

Next Story
രാജ്യത്ത് 10,229 പേര്‍ക്ക് കോവിഡ്; 125 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com