Latest News

കേന്ദ്രമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി യുപി പൊലീസ്

സംഭവത്തിൽ പ്രതികളെക്കുറിച്ചും അവരിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നത് ഉള്‍പ്പെടെയുമുള്ള എഫ്‌ഐആറിന്റെ തല്‍സ്ഥിതി സംബന്ധിച്ച് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയതിനു പിന്നാലെയാണു പൊലീസ് നീക്കം

Ajay Mishra, Lakhimpur Kheri, Uttar Pradesh, farmers protest, Lakhimpur Kheri arrest, Lakhimpur Kheri Asish Mishra, latest news, malayalam news, indian express malayalam, ie malayalam

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി ഉത്തര്‍പ്രദേശ് പൊലീസ്. ലക്‌നൗ ഐജി ലക്ഷ്മി സിങ്ങാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.”ഞങ്ങള്‍ അദ്ദേഹത്തെ (ആശിഷ് മിശ്ര) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. അതിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ശേഖരിക്കും. മറ്റു രണ്ടു പേരെ കൂടി ചോദ്യം ചെയ്യുന്നുണ്ട്,” ഐജി പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കടയിലേക്കാണ് വാഹനവ്യൂഹം ഇടിച്ചുകയറിയത്. സംഭവത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. വാഹനവ്യൂഹം കര്‍ഷകരുടെ പിന്നില്‍നിന്ന് ഇടിച്ചുകയറുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങളിലൊന്ന്. ഇതില്‍ മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര കാറിലുണ്ടായിരുന്നതായാണ് ആരോപണം. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനാണു യുപി പൊലീസ് കേസെടുത്തിരിക്കുന്നതെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ മകന്‍ സംഭവസ്ഥലത്തുണ്ടായിരുന്നിലെന്നാണ് മന്ത്രി പറയുന്നത്. കര്‍ഷകര്‍ക്കിടയിലുള്ളവർ വടിയും കല്ലുമായി ആക്രമിച്ചതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ ഇടിച്ചുകയറുകയായിരുന്നുവെന്നും മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നു വിശേഷിപ്പിച്ച സുപ്രീം കോടതി പ്രതികളെക്കുറിച്ചും അവരിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നത് വ്യക്തമാക്കുന്നതും ഉൾപ്പെടെ എഫ്‌ഐആറിന്റെ തല്‍സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിുനു പിന്നാലെയാണ് മന്ത്രിയുടെ മകനെ ചോദ്യം ചെയ്യാനുള്ള യുപി പൊലീസിന്റെ നീക്കം.

Also Read: ‘നിങ്ങൾ എത്ര പേരെ അറസ്റ്റ് ചെയ്തു?’; ലംഖിപുർ ഖേരിയിൽ തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി

”എട്ടു പേര്‍ മരിച്ചതായി ഞങ്ങള്‍ കേട്ടു, അവരില്‍ ചില കര്‍ഷകരും ഒരു പത്രപ്രവര്‍ത്തകനും മറ്റുള്ളവരുമുണ്ട്. നിങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പ്രതികളാരാണെന്നും നിങ്ങള്‍ അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോയെന്നും ഞങ്ങള്‍ക്ക് അറിയണം. ഇവ ദയവായി തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുക,” എന്നാണ് ജസ്റ്റിസ് സൂര്യ കാന്ത് യു പി സർക്കാരിനോട് നിർദേശിച്ചത്.

കേസിന്റെ എല്ലാ വിശദാംശങ്ങളും സ്വീകരിച്ച നടപടികളും ഉള്‍ക്കൊള്ളുന്ന തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നു യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗരിമ പ്രസാദ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് വാദം കേള്‍ക്കാനായി നാളത്തേക്കു ലിസ്റ്റ് ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേൃത്വത്തില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നതിനു മുൻപായി സംഭവത്തിൽ അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ ഏകാംഗ കമ്മിഷനെ നിയമിച്ചു. വിരമിച്ച മുൻ അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രദീപ് കുമാര്‍ ശ്രിവാസ്തവയാണ് സംഭവം അന്വേഷിക്കുക. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

Also Read: ലഖിംപൂര്‍ ഖേരി വിമര്‍ശനത്തിനു പിന്നാലെ വരുണും മേനകയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് പുറത്ത്

അതേസമയം, ലഖിംപൂര്‍ ഖേരയിലേക്കു പുറപ്പെട്ട നവജ്യോത് സിങ് സിദ്ദു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വാഹന വ്യൂഹം ഹരിയാന-യുപി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. സിദ്ദു ഉള്‍പ്പെടെയുള്ള നേതാക്കളെ ഷാജഹാന്‍പൂര്‍ പൊലീസ് പിക്കറ്റില്‍ തടഞ്ഞുവച്ചു. ഇതേത്തുടര്‍ന്ന് അവര്‍ ധര്‍ണ ആരംഭിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അല്ലെങ്കില്‍ അന്വേഷണത്തിന്റെ ഭാഗമാകുന്നില്ലെങ്കില്‍ ഞാന്‍ എവിടെയായിരുന്നാലും നിരാഹാരമിരിക്കുമെന്നു ലഖിംപൂര്‍ ഖേരിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സിദ്ദു പറഞ്ഞിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lakhimpur kheri violence farmers protest up police updates

Next Story
അബ്ദുൾറസാക്ക് ഗുർനയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍Abdulrazak Gurnah, Nobel Prize 2021
The moderation of comments is automated and not cleared manually by malayalam.indianexpress.com